ചൂടിനെ വെല്ലാൻ ഹീറ്റ് ക്ലിനിക്ക്: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനം

Share

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി നാല് ഹീറ്റ് ക്ലിനിക്കുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ലൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ക്ലിനിക്കുകളിൽ സജ്ജമാക്കി. ഉയർന്ന ചൂട് കൊണ്ടുള്ള എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവർ ക്ലിനിക്കുകളുടെ സേവനം തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Ad 5

പൊങ്കാല പ്രമാണിച്ച് ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ സംവിധാനങ്ങളോടെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ആറ്റുകാലിലെ കൺട്രോൾ റൂമിലും ഡോക്ടറുടെ സേവനം ലഭ്യമാകും. ക്ഷേത്രപരിസത്ത് രണ്ട് ഡോക്ടർമാരടങ്ങിയ മെഡിക്കൽ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കൽ ടീമും പ്രവർത്തിക്കുന്നു. ഇതുകൂടാതെ അഞ്ച് ഡോക്ടർമാരും സ്റ്റാഫ് നേഴ്‌സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കൽ സംഘവും മറ്റ് വിഭാഗങ്ങളുടെ മെഡിക്കൽ സംഘങ്ങളും ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വൈദ്യ സഹായം നൽകും. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിക്കും.

നഗര പരിധിയിലെ 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. സമീപത്തെ ആറ് സർക്കാർ ആശുപത്രികൾ, 10 സ്വകാര്യ ആശുപത്രികൾ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളാകും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. കനിവ് 108ന്റെ 12 ആംബുലൻസ്, ബൈക്ക് ഫസ്റ്റ് റസ്പൊണ്ടെർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസ്, സ്വകാര്യ ആശുപത്രികളുടെ ഏഴ് ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂമും, അഞ്ച് പ്രത്യേക സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.