അർഹതയില്ലാത്തവരുടെ മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുക്കാൻ കർശന നടപടി: മന്ത്രി ജി.ആർ. അനിൽ

Share

അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്കു നൽകുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ചു പുതുതായി 45127 പേർക്കു മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാർ ചുമതലയേറ്റ ശേഷം ഇതുവരെ 3,67,786 കുടുംബങ്ങൾക്കു മുൻഗണനാ കാർഡ് നൽകിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ വിതരണം ചെയ്യുന്ന 45127 കാർഡുകൾ കൂടി ചേരുമ്പോൾ 4,12,913 കുടുംബങ്ങൾക്കു മുൻഗണനാ കാർഡ് ലഭ്യമാകും. റേഷൻ സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, ചികിത്സാ സൗജന്യം ഉറപ്പാക്കാനും മുൻഗണനാ കാർഡിലൂടെ കഴിയും. അർഹതയുള്ള പല കുടുംബങ്ങൾക്കും പല കാരണങ്ങൾകൊണ്ടും മുൻഗണനാ റേഷൻ കാർഡ് അപേക്ഷ നൽകി വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. അനർഹമായി മുൻഗണനാ കാർഡ് കൈവശംവച്ചിരിക്കുന്നവർ എല്ലാവരും കാർഡ് ഉപേക്ഷിച്ചിട്ടില്ലെന്നും ഉറപ്പുണ്ട്. ഇനിയും അനർഹരുടെ കൈകളിലിരിക്കുന്ന റേഷൻ കാർഡ് കർശന നടപടികളിലൂടെ തിരിച്ചെടുത്ത് അർഹരായവർക്കു നൽകും. ഇതിനായുള്ള ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി കർശനമായി നടപ്പാക്കും. അനർഹമായി ആരെങ്കിലും മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 43 ശതമാനം പേർക്കു മാത്രമേ മുൻഗണനാ കാർഡിന് അർഹതയുള്ളൂ. അതു പൂർണമായി നൽകിക്കഴിഞ്ഞ ഘട്ടമായതുകൊണ്ട് ഒരാളിൽനിന്ന് ഒഴിവാക്കിയാലേ മറ്റൊരാൾക്കു നൽകാൻ കഴിയൂ. കൃത്യമായ മാനദണ്ഡങ്ങളിലൂടെയാണു സംസ്ഥാന സർക്കാർ ഇതു നൽകുന്നത്. മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ ഒക്ടോബർ 10 മുതൽ 30 വരെ അവസരം നൽകിയിരുന്നു. 77470 അപേക്ഷകൾ ലഭിച്ചു. നവകേരള സദസിൽ സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച 19485 അപേക്ഷകളിൽ 12302 എണ്ണം റേഷൻ കാർഡ് തരംമാറ്റാനുള്ളതായിരുന്നു. ഇവയെല്ലാം പരിശോധിച്ചാണ് മാർക്കിന്റെ അടിസ്ഥാനത്തിൽ അർഹരായവരിൽ 45127 പേർക്ക് ഒഴിവുകളുടെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ കാർഡ് തരംമാറ്റി നൽകുന്നത്. ഇതിൽ 590 പേർ നവകേരള സദസിൽ അപേക്ഷ നൽകിയവരാണ്. ബാക്കിയുള്ള അപേക്ഷകളിൽ ജനുവരി 31 ഓടെ പരിശോധന പൂർത്തിയാക്കി ഫെബ്രുവരി അഞ്ചിനു മുൻപു കാർഡുകൾ വിതരണം ചെയ്യും. നവകേരള സദസിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച അപേക്ഷകൾ പരിശോധിച്ചു സമയബന്ധിതമായി പരിഹാരം കാണുന്നതിനു നടപടി സ്വീകരിച്ചുവരികയാണ്. മറിച്ചുള്ള ആരോപണങ്ങൾ നിരർഥകമാണെന്നു സർക്കാർ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.