ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ആശ്വാസം. അദ്ദേഹം പ്രതിയായ ലാവലിന്‍ കേസ് വീണ്ടും നീട്ടി. താന്‍ ഹൈക്കോടതിയില്‍ വാദം കേട്ടതാണെന്നതിനാല്‍ പിന്മാറുകയാണെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ അറിയിച്ചു. ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, എം.ആര്. ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്. 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇനി മറ്റൊരു ബഞ്ചിന് പോസ്റ്റ് ചെയ്ത ശേഷമേ കേസ് പരിഗണിക്കൂ . അതിന് മാസങ്ങളെടുക്കാനിടയുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന് നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്മാന് ആര്.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.