കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പി.എസ്.സി. വിജ്ഞാപനം വന്ന തീയതി മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനും പി.എസ്.സി.ക്കും നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശി വി.വി. ഗോപകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിലവില്‍ സര്‍വീസില്‍ പ്രവേശിക്കുന്ന തീയതി മുതലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം.എന്നാല്‍, വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതി ഉത്തരവുകളെത്തുടര്‍ന്ന് കേന്ദ്രം വിജ്ഞാപനത്തീയതി കണക്കാക്കി പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് മൂന്നിന് ഉത്തരവിറക്കിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.കേന്ദ്ര നിയമത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രം പിന്നീടിറക്കുന്ന ഉത്തരവുകളും ബാധകമാണെന്നും അഡ്വ. പി. ഹരിഹരന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.ഹര്‍ജിക്കാരന്‍ ഈ ആവശ്യമുന്നയിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.