മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്; എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി

Share

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗംകൂടിയാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുക്കിലും മൂലയിലും അലയടിക്കുന്ന ഫുട്ബോൾ ആവേശം ലഹരിക്കെതിരായ പോരാട്ടംകൂടിയാകണം. അതിന്റെ ഭാഗമായി രണ്ടു കോടി ഗോളുകൾ അടിക്കാനാണ് ഗോൾ ചാലഞ്ചിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. മയക്കുമരുന്നിനെതിരേ ഫുട്ബോൾ ലഹരിയെന്ന ഈ പരിപാടി എല്ലാ വാർഡിലും വിദ്യാലയങ്ങളിലും അൽക്കൂട്ടങ്ങളിലും പൊതു ഇടങ്ങളിലും സജീവമായി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടം ഊർജസ്വലമാകുന്നതിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് ഉ്ദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ലഹരിയുടെ ഉപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്നാണു കണ്ടെത്തൽ. ഈ വിപത്തിൽനിന്നു കേരളത്തെ മോചിപ്പിക്കുകയെന്നതാണു സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.