ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: തൃക്കാക്കര മണ്ഡലത്തിൽ ആരംഭിച്ചത് 394 സംരംഭങ്ങൾ

Share

തൃക്കാക്കര: സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി പ്രകാരം തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെ ആരംഭിച്ചത് 394 സംരംഭങ്ങൾ. ഇതുവഴി 1058 പേർക്ക് തൊഴിൽ ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന മണ്ഡലതല അവലോകന യോഗം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായ വകുപ്പിൻ്റെ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിൽ മികച്ച നേട്ടമാണ് തൃക്കാക്കര മണ്ഡലം കൈവരിച്ചതെന്ന് എം.എൽ.എ പറഞ്ഞു. കുടുംബശ്രീ, റസിഡൻ്റ്സ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർക്ക് പദ്ധതിയിൽ വലിയ പങ്കു വഹിക്കാൻ കഴിയും. എല്ലാവരെയും ഒന്നിച്ച് നിർത്തിയാൽ ഒരു വർഷം കൊണ്ട് 841 സംരംഭങ്ങൾ എന്ന ലക്ഷ്യത്തിൻ്റെ ഇരട്ടി നേടാൻ തൃക്കാക്കരയ്ക്ക് കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.

പല സംരംഭകർക്കും തടസമായി വരുന്നത് ബാങ്കുകൾ തീർക്കുന്ന പ്രതിസന്ധികളാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ വരുന്നവർക്ക് എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കി നൽകണമെന്ന് ബാങ്ക് പ്രതിനിധികളോട് എം.എൽ.എ അഭ്യർത്ഥിച്ചു. കൂടാതെ സംരംഭങ്ങൾക്ക് വിപണന സാധ്യതകളെ കുറിച്ചുള്ള അവബോധം വ്യവസായ വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്കുകൾ വഴി നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

പദ്ധതി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ 46.84% സംരംഭങ്ങൾ മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 28.68 കോടി രൂപയുടെ നിക്ഷേപം നടന്നു. തൃക്കാക്കര നഗരസഭയിൽ 197 സംരംഭങ്ങളും കൊച്ചി കോർപറേഷനിൽ 197 സംരംഭങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.