സ്‌കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം: ബാലാവകാശ കമ്മീഷൻ

Share

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. നവംബറിൽ സ്‌കൂൾ തുറക്കാൻ സർക്കാർ    തീരുമാനിച്ച സാഹചര്യത്തിൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.റ്റി.സി,   സി.എസ്.എൽ.റ്റി.സി, ഡി.സി.സി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതർക്ക് ഒരാഴ്ചക്കുള്ളിൽ കൈമാറണം. സ്‌കൂൾ   തുറക്കുന്നതിന് മുമ്പ്  അവടെ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററുകൾ മാറ്റാൻ തീരുമാനമുണ്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല എന്ന്  കമ്മീഷന് ബോധ്യമായ   സാഹചര്യത്തിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി. കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വികാസ് വേണു സമർപ്പിച്ച ഹർജി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻമേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും കമ്മീഷൻ നിർദ്ദേശം നൽകി.