സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് (39) ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഒമിക്രോണ്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശിയാണ് അദ്ദേഹം. യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6ന് കൊച്ചിയിലെത്തിച്ചേര്‍ന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ (ഡിസംബര്‍ 13) കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

ഇതോടൊപ്പം അദ്ദേഹത്തിന്റെ പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ടാക്‌സി ഡ്രൈവറേയും ഭാര്യാ മാതാവിനേയും നിരീക്ഷിച്ചു വരുന്നു. ഇതില്‍ കൂടെ യാത്ര ചെയ്ത ഭാര്യയും പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യാ മാതാവും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായിരുന്നു. ഇവര്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

എല്ലാവിധമായ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡ്‌ലൈന്‍ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. എല്ലാ ജാഗ്രതയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.