സംഗീത നാടക അക്കാദമിയിൽ പൈതൃക മതിൽ 

Share

തൃശൂർ: കേരള സംഗീത നാടക അക്കാദമിവഴി കടന്നുപോകുന്ന ഏതൊരാൾക്കും ഇനി പൈതൃക മതിലും മനോഹരദൃശ്യങ്ങളും കണ്ടാസ്വദിക്കാം. ആരുടെയും ശ്രദ്ധകവരുന്നതാണ് അക്കാദമിയിൽ പുതുതായി പണിത പൈതൃകമതിലും മതിലിനെ അലങ്കരിച്ചുകൊണ്ടുള്ള സിമൻറ്  റിലീഫിൽ തീർത്ത ശില്പങ്ങളും.

കേരളത്തിലെ തനതു കലാരൂപങ്ങളും ഉത്സവങ്ങളും സാംസ്‌കാരികകേരളത്തിൻറെ മുഖമുദ്രകളുമാണ് അക്കാദമിയുടെ പൈതൃക മതിലിൽ ശില്പങ്ങളായി മാറിയത്. സംസ്ഥാന സർക്കാരിൻറെ  നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ഈ മനോഹരമായ പൈതൃകമതിലും ശില്പങ്ങളും നിർമിച്ചത്. 2021  ഒക്ടോബർ ഒന്നിന്  ആരംഭിച്ച പ്രവൃത്തി 31ന് പൂർത്തിയാകും.

പഴയ മതിൽ പൊളിച്ചു നീക്കിയാണ് ഏകദേശം 150 മീറ്റർ നീളത്തിൽ പുതിയ മതിൽ നിർമിച്ചത്. 60.73 ലക്ഷം രൂപയുടെ നിർമാണപ്രവൃത്തി തിരുവനന്തപുരത്തെ സിഡ്കോയാണ് നിർവഹിച്ചത്‌. സംഗീത നാടക അക്കാദമിയുടെ റീജണൽ തിയറ്റർ മുതൽ ഓഫീസുവരെയുള്ള ഭൂമിയുടെ അതിരിലാണ്‌ മതിൽ പണിതത്.

പദ്ധതിയുടെ  ഭാഗമായി 50 പില്ലറിൽ തീർത്ത മതിലും പില്ലറിൻറെ ഓരോ കളത്തിലും വ്യത്യസ്ത കലാരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിമൻറ്  റിലീഫിൽ തീർത്ത ശില്പങ്ങളുമാണുള്ളത്‌. മതിലിലെ ചിത്രങ്ങളും ശിൽപ്പങ്ങളും സംരക്ഷിക്കാൻ ഓടിട്ട മേൽക്കൂരയും ഒരുക്കിയിട്ടുണ്ട്‌. മതിൽ നിർമാണത്തിനൊപ്പം, അക്കാദമിയുടെ നാല് ഗേറ്റുകളും  പുനർനിർമിച്ചു. ഗേറ്റിനോട് ചേർന്നുള്ള ഭാഗം സിമൻറ് ഇഷ്ടിക ഉപയോഗിച്ച്‌ ഇന്റർലോക്കും ചെയ്തിട്ടുണ്ട്.