വരുന്നു, ആന ആംബുലൻസ്‌

Share

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്‌. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ്‌ ആംബുലൻസ്‌ സജ്ജീകരിക്കുന്നത്‌. അവശനിലയിലാകുന്ന നാട്ടാനകൾ, പുനരധിവാസ കേന്ദ്രത്തിലുള്ളവ, കാട്ടിൽനിന്ന്‌ ലഭിക്കുന്ന കുട്ടിയാനകൾ എന്നിവയെ സുരക്ഷിതമായി എത്തിക്കാനാണ്‌ ഈ ആംബുലൻസ്‌.

സുരക്ഷിതമായി നിൽക്കാനുള്ള സംവിധാനം, കുടിവെള്ള ടാങ്ക്‌, പാപ്പാനിരിക്കാനുള്ള സൗകര്യം, ആനയുടെ ചലനങ്ങൾ ഡ്രൈവർക്ക്‌ നിരീക്ഷിക്കാനുള്ള കാമറ എന്നിവയുണ്ടാകും. വാഹനത്തിലേക്ക്‌ ആനയ്‌ക്ക്‌ എളുപ്പം കയറാൻ റാമ്പും പത്ത്‌ ടൺ ഭാരംവരെ വലിച്ചുകയറ്റാൻ കഴിയുന്ന സംവിധാനവുമുണ്ട്‌. ഇതിനൊപ്പം മെഡിക്കൽ സംഘവും മറ്റൊരു വാഹനത്തിൽ പിന്തുടരും. കോട്ടൂരിൽ രണ്ട്‌ ആംബുലൻസാണ്‌ തയ്യാറാക്കുന്നത്‌. ഇതോടെ സംസ്ഥാനത്തെ ആകെ ആന ആംബുലൻസുകളുടെ എണ്ണം നാലാകും. നേരത്തേ വയനാട്ടിൽ രണ്ടെണ്ണം ലഭ്യമാക്കിയിരുന്നു.

ഹെവി ട്രക്ക് ഷാസികൾ വാങ്ങിക്കഴിഞ്ഞതായി കോട്ടൂർ ആനപരിപാലന കേന്ദ്രം സ്‌പെഷ്യൽ ഓഫീസർ കെ ജി വർഗീസ് അറിയിച്ചു. ഷാസിയിൽ പ്രത്യേകമായി ബോഡി ചെയ്ത് ആംബുലൻസുകൾ നിർമിക്കാനുള്ള ടെൻഡറുകൾ 11 വരെ സമർപ്പിക്കാം. ആംബുലൻസ് ട്രക്കുകളുടെ നിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ബുധൻ ട്രക്ക് ബോഡി നിർമാതാക്കളുടെ ഓൺലൈൻ മീറ്റീങ്‌ വനം വകുപ്പ്‌ സംഘടിപ്പിക്കും.  ടെൻഡർ നടപടികളുടെ മുന്നോടിയായുള്ള പ്രീ ബിഡ് മീറ്റിങ്ങാണിത്‌. ഗൂഗിൾ മീറ്റിൽ  https://meet.google.com/zmj-asre-xaw ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാം. ഫോൺ: 9744003493