മധുവിനെ അനുകരിച്ചില്ല:
ടൊവിനോ തോമസ്

Share

കൊച്ചി : നീലവെളിച്ചം എന്നി സിനിമയില്‍ ഭാര്‍ഗവീനിലയത്തില്‍ മധു ചെയ്ത ബഷീര്‍ കഥാപാത്രത്തെ ഒരിക്കലും താന്‍ അനുകരിച്ചിട്ടില്ലെന്നും തനതായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും ടൊവിനോ തോമസ്. ഇതുവരെ ചെയ്യാത്തതരത്തിലുള്ള കഥാപാത്രമാണ് നീലവെളിച്ചത്തിലേത്. സങ്കല്‍പ്പത്തിലുള്ള ഒരു കഥാപാത്രവുമായി സംസാരിച്ച് അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും പുതിയ പാഠവുമായിരുന്നു.
നീലവെളിച്ചം എന്ന സിനിമയെ റീ മേക്ക് എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സംവിധായകന്‍ ആഷിക് അബുവും പറഞ്ഞു. നിറങ്ങളും മികച്ച ശബ്ദ സംവിധാനങ്ങളുമുള്ള ഈ കാലഘട്ടത്തില്‍, പുതുതലമുറ സിനിമാക്കാര്‍ ഒരുക്കിയ ഒരു പുനര്‍ഭാവനയാണ് നീലവെളിച്ചം. ചിത്രം വ്യാഴാഴ്ച നൂറിലധികം തിയറ്റുകളില്‍ സിനിമ റിലീസാകും. തിയറ്ററില്‍ കാണേണ്ട ഒരു ചിത്രമാണിത്. അതിനായി കുറേ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ആഷിക് അബു പറഞ്ഞു.
സിനിമയിലെ പാട്ടിന്റെ പകര്‍പ്പവകാശ വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന അറിവേ തനിക്കുള്ളൂ. നിലവില്‍ പകര്‍പ്പവകാശ തര്‍ക്കമോ മറ്റു കേസുകളോ ഒന്നുമില്ല. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് ബഷീറിന്റെ നീലവെളിച്ചത്തിലേക്ക് എത്തിച്ചത്.
പ്രേംനസീര്‍ എന്ന പ്രതിഭ ചെയ്ത കഥാപാത്രത്തെ പൂര്‍ണ ബഹുമാനത്തോടെ സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നടന്‍ റോഷന്‍ മാത്യു പറഞ്ഞു. ബഷീര്‍ എന്ന പ്രതിഭ സൃഷ്ടിച്ച ലോകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏറെ മനോഹരമായ അനുഭവമാണെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞു.