പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപ്പേരെ കാണാതായി

Share

പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. യൂറിമാഗുവാസ് ജില്ലയിൽ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്.

ഒട്ടേറെപ്പേരെ അപകടത്തില്‍ കാണാതായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സെക്ടോരിയൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പെറുവിയൻ നാവിക സേനയും സെക്ടോരിയൽ എമർജി ഓപ്പറേഷൻസ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയിൽനിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ബാർജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നു.