കൊച്ചി: 10 വര്‍ഷം മുന്‍പ് നിങ്ങളും കാമറ വാങ്ങിയില്ലേ? അന്ന് ഞങ്ങള്‍ മിണ്ടിയില്ലല്ലോ. ആ നിലയ്ക്ക് ഇപ്പോള്‍ ഞങ്ങളുടെ അഴിമതി ചൂണ്ടിക്കാട്ടാതിരിക്കുന്നതല്ലേ മര്യാദ? ഇതൊക്കെ ഒരു പരസ്പര സഹായ സംഘമല്ലേ?
കാമറ ഇടപാടിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി പി. രാജീവിന്‌റെ പത്രസമ്മേളനം ഇങ്ങനെയല്ലേ വായിക്കേണ്ടത്?
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ റോഡിലെ അമിതവേഗം കണ്ടെത്താന്‍ 100 ക്യാമറകള്‍ 40 കോടി രൂപയ്ക്കു വാങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി പി.രാജീവ് പറയുന്നത്. ഇന്നു പ്രതിപക്ഷം പറയുന്ന തനുസരിച്ചാണെങ്കില്‍ ക്യാമറയൊ ന്നിന് 40 ലക്ഷം രൂപ ചെലവായി. എന്നാല്‍ ക്യാമറ മാത്രമല്ല, അതിന്റെ മറ്റു ഘടകങ്ങളും ചേര്‍ത്താണ് ഈ തുകയെന്നറിയാവുന്നതുകൊണ്ട്
അന്ന് എല്‍ഡിഎഫ് ആരോപണ മുന്നയിച്ചില്ല. കെല്‍ട്രോണ്‍ വഴിയാണ് ഈ ക്യാമറകളും വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നൊന്നായി കുരുക്കില്‍ പെടുന്നതിനെതിരെ ഭരണമുന്നണിയിലും പാര്‍ട്ടിയിലും സ്വരമുയരുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം.
മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷനേതാവ് ചെന്നിത്തലയും പുറത്തുകൊണ്ടു വന്ന വിവരങ്ങളെ ഖണ്ഡിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തയാറായിട്ടില്ല. ഉദ്യോഗസ്ഥ തല അന്വേഷണം പ്രഖ്യാപിച്ച മന്ത്രി പി.രാജീവ് ഇടപാടുകളെ ന്യായീകരിക്കാനാണ് പരമാവധി ശ്രമിച്ചത്. അന്വേഷണം പ്രഹസനമാകുമെന്ന സൂചനകള്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രകടമായിരുന്നു. ഉന്നയിച്ച ആരോപണങ്ങളുടെ പേരിലല്ല വിജിലന്‍സ് അന്വേഷണം.
അരുതാത്തതെന്തെങ്കിലും സം ഭവിച്ചിട്ടുണ്ടെങ്കില്‍ കെല്‍ട്രോണിന്റെ കുഴപ്പമാണെന്നും സര്‍ക്കാര്‍ തല അഴിമതി അല്ലെന്നുമുള്ള ന്യായമാണ് മന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് പണ്ട് യു.ഡി. എഫും കാമറ വാങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ മിണ്ടരുതെന്നുമുള്ള ന്യായവുമായി മന്ത്രി രംഗത്തുവന്നത്. ഇടതു സര്‍ക്കാരിനെതിരെ എന്ത് കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയാലും പണ്ട് യു. ഡി. എഫും അങ്ങിനെ ചെയ്തില്ലേ എന്നു പറയുന്നതിലെ വകതിരിവില്ലായ്മ എന്തുകൊണ്ട് ഇടതുപക്ഷം മനസിലാക്കുന്നില്ല. യു.ഡി.എഫിനെ കോപ്പിയടിക്കാനാണോ ജനം നിങ്ങളെ ജയിപ്പിച്ചത്?