നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ
ഗതിയെന്താവും?

Share

ന്യൂഡല്‍ഹി: ബി.എസ്സി നഴ്‌സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ കേരളം തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‌റെ മുന്നറിയിപ്പ് . വിദ്യാര്‍ഥികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടാനും ജോലി ലഭിക്കാതിരിക്കാനും ഇതിടയാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും കോഴ്‌സിന് അംഗീകാരം നല്‍കുന്നതും വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലാണെന്നുമാണ് സംസ്ഥാനത്തിന്‌റെ നിലപാട്. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്ക പരന്നു. വിദേശങ്ങളിലും മറ്റും തുടര്‍പഠനത്തിനും ജോലിക്കും പോകുന്നവര്‍ക്ക് ഇതു മൂലം ബുദ്ധിമുട്ടുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടകാര്യമാണ്.
പരീക്ഷ നടത്തണമെന്ന് കേന്ദ്രനിര്‍ദേശത്തിനെതിരെ നിലപാടെടുത്തെങ്കിലും അക്കാര്യം ഔദ്യോഗികമായി ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനെ അറിയിച്ചിട്ടില്ല.
1983 മുതല്‍ 2007 വരെ കേരളം പൊതു പ്രവേശന പരീക്ഷ നടത്തിയിരുന്നു. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സമയം നീട്ടി നല്‍കാന്‍ തയ്യാറായിട്ടുംകേരളം പ്രതികരിച്ചിട്ടില്ല. എന്‍ട്രന്‍സ് പരീക്ഷ നടത്തിയാല്‍ തന്നിഷ്ടപ്രകാരം പ്രവേശനം നല്‍കാനാവില്ലെന്നതാണ് കേരളത്തിലെ സി. പി. എമ്മിന്‌റേത് ഉള്‍പ്പെടെയുള്ള കോളേജ് മാനേജുമെന്‌റുകളുടെ ഉള്ളിലിരുപ്പ്. മെരിറ്റും സംവരണവും അട്ടിമറിക്കാനും കഴിയില്ല. സി.പി. എം നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങള്‍ക്കു തന്നെ പത്തോളം നഴ്‌സിംഗ് കോളേജുകളുണ്ട്.