തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്..; സജീവ ചര്‍ച്ചയായി ശബരിമല, കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി

Share

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തി നിൽക്കെ സജീവ ചര്‍ച്ചയായി ശബരിമല മാറുകയാണ്. പ്രചാരണ തുടക്കത്തിൽ ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തോടെയാണ് ശബരിമല ചര്‍ച്ചയായി ഉയര്‍ന്ന് വന്നതെങ്കിലും വിശ്വാസ സംരക്ഷണവും സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ സര്‍ക്കാർ ഇടപെടലും തുടങ്ങി അധികാരത്തിലെത്തിയാൽ ശബരിമലക്ക് വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം എന്ന ബിജെപി പ്രഖ്യാപനം വരെ എത്തി നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കളത്തിലെ ശബരിമല വിവാദം.

ആക്രമണമെന്ന നിലയിലും പ്രതിരോധമെന്ന നിലയിലും മുന്നണി വ്യത്യാസം ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ പ്രധാന ചര്‍ച്ചാ വിഷയവുമാണ് ഇപ്പോൾ ശബരിമല പ്രതികരണങ്ങൾ നിയന്ത്രിച്ച് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും സിപിഎമ്മിനെ കുടുക്കുന്നത് കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം തന്നെയാണ്.

ഒരു അഭിമുഖത്തിൽ ഖേദപ്രകടം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി പരിശോധനയുണ്ടാകുമെന്ന് ഇന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കുമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.

സത്യവാങ്മൂലം തിരുത്തുമോ എന്ന ചോദ്യത്തിൽ നിന്നും യെച്ചൂരി അടക്കമുള്ള നേതാക്കൾ തുടർച്ചയായി ഒഴിഞ്ഞുമാറുകയാണ്. ഇപ്പോൾ ശബരിമല ഒരു പ്രശ്നമല്ലെന്ന നിലപാടെടുത്ത് കരുതലോടെയാണ് സിപിഎം വിശ്വാസപ്രശ്നത്തെ നേരിടുന്നത്.

ശബരിമല ചർച്ചയാക്കുന്നതിന് പിന്നിൽ ചിലരുടെ താൽപര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അടക്കം ശബരിമല ചര്‍ച്ചയാകുമ്പോൾ സിപിഎം പ്രതിരോധത്തിലാകുന്നു എന്ന വിലയിരുത്തലിലാണ് വിവാദം ആഞ്ഞുപിടിക്കാൻ യുഡിഎഫും ബിജെപിയും മുന്നിട്ടിറങ്ങുന്നത്.

ശബരിമല യുഡിഎഫിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഒന്ന് തന്നെയാണെന്നാണ് യുഡിഎഫിന്‍റെയും നിലപാട്. ശബരിമല സത്യവാങ്മൂലം തിരുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ എൽഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലക്കായി പ്രത്യേക നിയമ നിര്‍മ്മാണം എന്ന വാദ്ഗാനമാണ് ബിജെപി ദേശീയ നേതാക്കളെല്ലാം പ്രചാരണ പൊതുയോഗങ്ങളിൽ മുന്നോട്ട് വയ്ക്കുന്നത്.

ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കാൻ നടപടി ഉണ്ടാകുമെന്നത് അടക്കം പ്രഖ്യാപനങ്ങൾ നടത്തി പരമാവധി പ്രചാരണമാണ് ലക്ഷ്യം. യുഡിഎഫ് പ്രകടനപത്രികയിലും ശബരിമലയ്ക്കായി നിയമം കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു.