തടസങ്ങൾ പരിഹരിച്ച് കൂടുതൽ റേഷൻ കടകൾ പ്രവർത്തനക്ഷമമാക്കും: മന്ത്രി ജി.ആർ. അനിൽ

Share

ലൈസൻസ് താത്കാലികമായി റദ്ദു ചെയത റേഷൻ കടകളുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് കൂടുതൽ കടകൾ പ്രവർത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. താത്കാലികമായി ലൈസൻസ് റദ്ദു ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് കളക്ടറേറ്റിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല കാരണങ്ങൾ മൂലം റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്ത മേഖലകളിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി അദാലത്തുകൾ സംഘിപ്പിക്കുന്നത്. ഉടമസ്ഥാവകാശികൾ ഇല്ലാത്ത കടകൾക്ക് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിന് സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആകെ 50 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. 10 അപേക്ഷകളിൽ അനന്തര അവകാശികൾക്ക് റേഷൻ കട തുടർന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി. 17 കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദു ചെയ്യുന്നതിന് തീരുമാനമെടുത്തു. ഈ സ്ഥലങ്ങളിൽ പുതിയ ലൈസൻസികളെ കണ്ടെത്തുന്നതിന് വിജ്ഞാപനം നടത്തി തുടർ നടപടികൾ സ്വീകരിക്കും.
ഒരു അപേക്ഷ വകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം നടപടി സ്വീകരിക്കുന്നതിനായി മാറ്റി. മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്ന 22 അപേക്ഷകർക്ക് അതിനായി കൂടുതൽ സമയം അനുവദിച്ചു.
സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, കൊല്ലം സൗത്ത് സോൺ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ ആർ. അനിൽ രാജ്, ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.