കെൽട്രോൺ കേന്ദ്രീകരിച്ചു കേരളത്തെ ഇലക്ട്രോണിക്സ് ഹബ്ബാക്കും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

Share

സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അതിനു നേതൃത്വം നൽകുന്നതിനായി കെൽട്രോണിനെ ശക്തിപ്പെടുത്തുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. പൊതുമേഖലയെ ശക്തിപ്പെടുത്തി കേരളത്തെ വ്യാവസായിക തലത്തിൽ ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ആദ്യപടിയായി കെൽട്രോൺ ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

എൻ പി ഒ എൽ സാങ്കേതികവിദ്യയിൽ തദ്ദേശീയമായി കെൽട്രോൺ നിർമ്മിച്ച ഡിഫെൻസ് ഇലക്ട്രോണിക്സ് സംവിധാനമായ മാരീച് അറെയുടെ ഉദ്ഘാടനം അരൂരിലുള്ള കെൽട്രോൺ കൺട്രോൾസിൽ ജനുവരി 1ന് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ പി ഒ എൽ, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങൾ ചെറുകിട MSME കമ്പനികൾക്ക് മികച്ച അവസരങ്ങൾ നൽകിവരുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരൂർ ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന കെൽട്രാക്കിനെ മികച്ച സാങ്കേതിക പരിശീലന സ്ഥാപനമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മാരീച് അറെ-യുടെ ചെറുമാതൃക കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. എൻ നാരായണ മൂർത്തി എൻ പി ഒ എൽ ഡയറക്ടർ ശ്രീ. എസ് വിജയൻ പിള്ളയ്ക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി. ചടങ്ങിൽ ശ്രീ എ എം ആരിഫ് എം പി, ശ്രീമതി ദലീമ ജോജോ എം എൽ എ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ നാവികസേനയുടെ ആറ് കപ്പലുകളിലായി സ്ഥാപിക്കാനിരിക്കുന്ന പതിനൊന്ന് മാരീച് എ.ടി.ഡി.എസ്.-കൾക്കായി, അതിന്റെ ജല സമ്പർക്ക ഭാഗങ്ങൾ (ടോഡ് അറെ) നിർമ്മിക്കാനുള്ള 48.4 കോടി രൂപയുടെ ഓർഡർ അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ് നേടിയിരുന്നു, ഇത് മൂന്നു വർഷ കാലയളവിൽ പൂർത്തീകരിക്കേണ്ട ജോലിയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് (BEL) വഴിയാണ് കെൽട്രോൺ കൺട്രോൾസിന് ഈ ഓർഡർ ലഭിച്ചത്. മാരീച്ച് ടോഡ് അറെ-യുടെ കൃത്യമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി, ഒരു റഫറൽ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധ്വതി എൻ.പി.ഒ.എൽ-നുണ്ട്. അതിന്റെ നിർമ്മാണത്തിനുള്ള 4.7 കോടി രൂപയുടെ ഓർഡറും കെൽട്രോൺ നേടിയിരുന്നു. ആ ഓർഡർ ആണ് ഇപ്പോൾ പൂർണ്ണമായും തദ്ദേശീയമായി പൂർത്തീകരിച്ച് കൈമാറിയത്.

കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും, അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള, കപ്പലുകളിൽ ഉപയോഗിക്കുന്ന ‘അഡ്വാൻസ്ഡ് ടോർപ്പിഡോ ഡിഫൻസ് സിസ്റ്റം (എ.ടി.ഡി.എസ്.)’ ആണ് മാരീച്. എൻ പി ഒ എൽ വികസിപ്പിച്ച സാങ്കേതികവിദ്യ ഗുണമേന്മയോടെ ഉൽപ്പന്നരൂപത്തിലാക്കിയത് കെൽട്രോൺ കൺട്രോൾസാണ്. മാരീച് റഫറൽ സംവിധാനത്തിന്റെ അത്യാധുനിക സെൻസറുകൾ നിർമ്മിച്ച് നൽകിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡാണ്.

കഴിഞ്ഞ 25 വർഷങ്ങളായി ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ ഡിഫെൻസ് ഇലക്ട്രോണിക്സ് സംവിധാനങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകുന്നുണ്ട്. നാവിക വിവര ശേഖരണം, സിഗ്നൽ വിശകലനം, അപഗ്രഥനം എന്നീ മേഖലകളിൽ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആർ.ഡി.ഒ (എൻ.പി.ഒ.എൽ) യുടെ സാങ്കേതിക പങ്കാളിയായി കെൽട്രോൺ കൺട്രോൾസ് പ്രവർത്തിച്ച് വരികയാണ്.