കുട്ടികളുടെ കലാവിരുതിൽ ക്രാഫ്റ്റ്‌സ് വില്ലേജില്‍ ശിശുദിനാഘോഷം

Share

തിരുവനന്തപുരം: ശിശുദിനപരിപാടികൾക്കു നിറച്ചാർത്തണിയിച്ച് കോവളത്തെ കേരള ആര്‍ട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ കുട്ടികൾ ചിത്രകലയിൽ മാറ്റുരച്ചു. അപ്പൂപ്പന്‍താടി എന്ന പേരില്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാമത്സരത്തിൽ 150 ഓളം വിദ്യാര്‍ത്ഥികൾ പങ്കെടുത്തു.

എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗത്തിലായാണു മത്സരം നടന്നത്. വിജയികള്‍ക്കുള്ള സമ്മാനം അടുത്ത ഞായറാഴ്ച്ച ഇതേ വേദിയില്‍ വിതരണം ചെയ്യും. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തസര്‍ട്ടിഫിക്കറ്റ് നല്കി.

സിനിമാതാരവും ചിത്രകാരനുമായ മിനന്‍ ജോണ്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം വരച്ചാണു പരിപാടി ഉദ്ഘാടനം ചെയ്തത്. ഒരു കുട്ടി തന്റെ വരയെ സംശയിച്ചു തുടങ്ങുന്നതുവരെ അവര്‍ നല്ല ചിത്രകാരായിരിക്കുമെന്നും കുരുന്നുമനസ്സിലാണ് വരയ്ക്കാനുള്ള ഏറ്റവും നല്ല ആശയങ്ങള്‍ മുളച്ചുപൊന്തുന്നതെന്നും മിനൻ ജോൺ പറഞ്ഞു.

ക്രാഫ്റ്റ്സ് വില്ലേജ് റിക്വയര്‍മെന്റ് ആൻഡ് സ്റ്റോര്‍ ഇന്‍ചാര്‍ജ് ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍സ് എന്‍ജിനിയര്‍ അര്‍ജുന്‍ എം.പി, എംപോറിയം ഇന്‍ചാര്‍ജ് കവിത പ്രശാന്ത്, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ സുര്‍ജിത്ത് എം.ടി, ഫെസിലിറ്റി മാനേജര്‍ പ്രദീപ് കുമാര്‍, ഫുഡ് ആന്റ് ബിവറേജസ് മാനേജര്‍ പ്രവിന്‍ പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു.