കിഫ്ബിയിൽ കുരുങ്ങി എൽ.ഡി.എഫ്; യുഡിഎഫിനും ആർഎസ്എസിനുമെല്ലാം ഒരേ വിചാരം: മുഖ്യമന്ത്രി

Share

കിഫ്ബിയിൽ കഴിഞ്ഞ ദിവസമുണ്ടായ ആദായനികുതി റെയ്ഡ് വിഷയത്തിൽ പ്രതിപക്ഷത്തിനും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡ്. അതിനു പ്രതിപക്ഷം വാദ്യം പാടുകയാണ്. കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ പണി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണെന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്രത്തിനെതിരെ സിപിഎം മുഴക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം
കിഫ്ബി സിഇഒ അടക്കമുള്ളവരെ പാതിരാത്രി വരെ ചോദ്യം ചെയ്തു. കിഫ്ബി പോലെയുള്ള സുതാര്യമായ, നല്ല രീതിയിൽ സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ ചോദിച്ചാൽ കൊടുക്കാവുന്നതേ ഉള്ളൂ.

സാധാരണ ഒരു കടലാസ് അയച്ചാൽ അടുത്ത നിമിഷം ലഭ്യമാകുന്ന രേഖകളാണ് കിഫ്ബിയിലുള്ളത്. ഒരുപാട് കാലം കഴിഞ്ഞ് മറുപടി കൊടുക്കേണ്ട ഒന്നല്ല കിഫ്ബി സംവിധാനം. മിന്നൽ പരിശോധനയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലും കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ശത്രുക്കളെ പോലെ കണ്ടുള്ള പെരുമാറ്റവുമെല്ലാം എന്തിനാണ്?

നമ്മുടെ രാഷ്ട്രം ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യമാണ്. സംസ്ഥാന സർക്കാർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്, കേന്ദ്ര സർക്കാരും കുറെ ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാർ ചെയ്യുന്നതിന് എതിരായ കാര്യങ്ങളല്ല കേന്ദ്രസർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക കാര്യങ്ങളിൽ റിസർവ് ബാങ്ക് പോലെയുള്ളവയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനു ശേഷമാണ് കാര്യങ്ങൾ ചെയ്യുന്നത്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത രീതിയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വലിയ തോതിൽ കടന്നു കയറുകയാണ് കേന്ദ്രം.

തങ്ങൾ കേന്ദ്ര ഏജൻസിയാണ്, അതിന്റെ ഭാഗമായി കടന്നു കയറും എന്ന സാധാരണയിൽ കവിഞ്ഞ പ്രവണതകൾ ഇവിടെ ഉണ്ടാകുകയാണ്. നമ്മുടെ സംസ്ഥാനത്ത് നോക്കിയാൽ കോൺഗ്രസിനും യുഡിഎഫിനും ആർഎസ്എസിനുമെല്ലാം ഒരേ വിചാരം കിഫ്ബിക്കെതിരെ ഉണ്ടാകുന്നതായാണ് കാണുന്നത്. നാടിനും ജനങ്ങൾക്കു്ം പ്രയോജനകരമായ കാര്യം ഇവിടെ നടക്കരുതെന്ന വാശിയിലാണ് കോൺഗ്രസും യുഡിഎഫും അതിനോടു ചേർന്ന് അവരെ സഹായിച്ച് ബിജെപിയും നടത്തുന്നത്.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യക്കിറ്റ് സർക്കാർ നൽകി. എല്ലാവരും സ്വാഗതം ചെയ്ത നടപടിയാണ്. പക്ഷേ പ്രതിപക്ഷ നേതാവും നേതാക്കളും അക്കാര്യത്തിൽ ആക്ഷേപങ്ങൾ ഉയർത്തുന്നതു കാണേണ്ടി വന്നു. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ്, കേന്ദ്രത്തിന്റെ സാധനങ്ങളാണ് ഇവിടെ നൽകുന്നത് എന്നു പ്രചരിപ്പിച്ച സംഘപരിവാറിനെ കണ്ടതാണ്. ഇപ്പോൾ ആ കിറ്റും ക്ഷേമ പെൻഷനും ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നൽകുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പു ഘട്ടത്തിൽ സർക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളിൽ കാര്യങ്ങൾ ഒതുങ്ങുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് തൃപ്തനായില്ല. പകരം തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ അദ്ദേഹം കത്തു നൽകി.

മൂന്നു കാര്യങ്ങളാണ് അതിലുള്ളത്. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ സാധനങ്ങളുടെ വിതരണം തിരഞ്ഞെടുപ്പു കഴിയും വരെ നടക്കില്ലെന്ന് ഉറപ്പു വരുത്തണം, വിഷു സ്പെഷലായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം ഏപ്രിൽ ആറുവരെ നിർത്തി വയ്ക്കാൻ നിർദേശിക്കണം, ഏപ്രിൽ–മേയ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനുകൾ ഏപ്രിൽ ആറിനു മുൻപു വിതരണം ചെയ്യുന്നതിൽനിന്നു സർക്കാരിനെ വിലക്കണം എന്നിങ്ങനെ.

ഇതൊന്നും വെറുതെ ഇറക്കിയ പ്രസ്താവനയല്ല. തിരഞ്ഞെടുപ്പു കമ്മിഷന് സ്വന്തം ലെറ്റർപാഡിൽ എഴുതി നൽകി ആവശ്യപ്പെട്ടതാണ്. പരാതിയിൽ ഉറച്ചു നിൽക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പു കണ്ടുകൊണ്ടല്ല. വിഷുവും ഈസ്റ്ററും റംസാനും വരുന്നത് തിരഞ്ഞെടുപ്പു കണ്ടിട്ടാണെന്നു പറയാനാകില്ല.

സ്കൂൾ കുട്ടികൾക്ക് അരിയും മറ്റും കൊടുക്കുന്നത് ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പുണ്ട് എന്നുകണ്ടല്ല. സാധാരണ കുട്ടികൾക്കു സ്കൂളിൽ ഭക്ഷണം നൽകുന്നുണ്ട്. സർക്കാരിന്റെ കൈവശം മിച്ചം വരുന്ന അരി നൽകുന്നത് മുൻപും സ്വീകരിച്ചിട്ടുള്ള നടപടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.