കഴക്കൂട്ടത്ത് തീപ്പൊരി ചിതറുന്നു.. പ്രചാരണത്തിനിടെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Share

കേരളത്തിലെ ശക്തമായ സിപിഎം ബിജെപി മത്സരം നടക്കുന്ന തിരുവനന്തപുരം കഴക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ചൂട് പിടിക്കുകയാണ്. തീപ്പൊരി പ്രസംഗങ്ങളും തീപ്പൊരി പ്രചരണങ്ങളും കണ്ട കഴക്കൂട്ടത്ത് തീപ്പൊരി ചിതറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടസമായി വെച്ചുവെന്നാരോപിച്ചായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.

കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷ സാധ്യതയ്ക്ക് അയവു വന്നത്. ചെമ്പഴന്തി അണിയൂരില്‍ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താന്‍ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ പ്രചോദനമാണ് സിപിഎം ക്രിമിനലുകളെ അക്രമത്തിന് പ്രേരിപ്പിച്ചത്.

അല്ലാതെ ബൈക്കുമായി ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണജാഥയിലേക്ക് കടക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാത്രി 8.30 ഓടെ അണിയൂരില്‍ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടയില്‍ പോലീസിന്റെ മുന്‍പിലിട്ട് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.

ബിജെപി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെ വന്നവരില്‍ രണ്ടു പേര്‍ ബൂത്ത് കമ്മറ്റി ഓഫീസില്‍ കയറി ഒളിച്ചു. തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും ബൂത്ത് കമ്മറ്റി ഓഫീസിന് മുന്‍പില്‍ പ്രതിഷേധം നടത്തിയത്. വനിതാ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ കുറ്റക്കാര്‍ക്കെതിരേ കേസെടുക്കുമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് ഫഌ്‌സ് വെയ്ക്കാനും ബാനര്‍ കെട്ടാനും വാഹനജാഥ നടത്താനും അവകാശമുണ്ടെങ്കില്‍ തന്റെ പ്രസ്ഥാനത്തിനും ഉണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി പോലീസിനെ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ജയിലിലാക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്നും അവര്‍ ആരോപിച്ചു. അതേസമയം കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശം കത്തി നില്‍ക്കവേയാണ് തീപ്പൊരി ചിതറി ഈ സംഘര്‍ഷം. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.