ഡൽഹിയിൽ കേരളത്തിന്‍റെ ‘യഥാർഥ അംബാസിഡർമാരായി’ എല്ലാ എം.പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എം. പിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് മാസ്ക്കറ്റ് ഹോട്ടലിൽ യോഗം നടത്തിയത്.
പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എം പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്.
കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്.
യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ്.
സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യമാണ് ഇതിന് പ്രധാന കാരണം. സംസ്ഥാനത്തിന്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്.
ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാക്കുക യാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.