ഇനി ‘ഇസ്ലാമിക് എമിറേറ്റ്‍സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍’; പേരുമാറ്റി താലിബാന്‍

Share

കാബൂള്‍: ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‍ഗാനിസ്ഥാന്‍റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരം കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കുകയാണ് ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ആയിരങ്ങളാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ മണ്ണ് വിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.