വയനാട്: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്‍പ്പെടുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസലാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു. വന്യജീവി സങ്കേതത്തതിന് പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ടെറിട്ടോറിയല്‍ ഡിവിഷനുകളുടെ 69.12 സ്‌ക്വയര്‍ കിലോമീറ്റര്‍ റിസര്‍വ്വ് വനവും, വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന ജനവാസമേഖലയായ 19.09 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശവും ഉള്‍പ്പെടുന്നതാണ് നിലവിലെ പ്രപ്പോസല്‍. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രപ്പോസല്‍ സമര്‍പ്പിച്ചത്.
ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍, വായു, ജലം, മണ്ണ്, ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങള്‍ എന്നിവ നിരോധിക്കും. ഡാമുകളില്‍ വാണിജ്യാടിസ്ഥാനത്തിലുളള വൈദ്യുതി ഉല്‍പ്പാദനം, വാണിജ്യാടിസ്ഥാനത്തിലുള്ള കട്ടക്കളങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. പ്രകൃതിക്ക് ദോഷകരമാകുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും, വന്‍കിട കമ്പനികള്‍ നടത്തുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള കോഴി/ മൃഗ പരിപാലന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. പ്രദേശങ്ങളിലെ പുഴകളിലും മറ്റും അസംസ്‌കൃത മാലിന്യം നിക്ഷേപിക്കരുത്. ഖരമാലിന്യം, ആസ്പത്രി മാലിന്യം എന്നിവ സംസ്‌കരിക്കുന്നതിനുള്ള പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, പുതിയ തടിമില്ലുകള്‍ എന്നിവ അനുവദിക്കില്ല.
ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അഭിപ്രായം 2013 ഫെബ്രുവരി 15ന് മുമ്പായി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുകയും, ശുപാര്‍ശകള്‍ നല്‍കിയില്ലെങ്കില്‍ വന്യജീവി സങ്കേതങ്ങളുടെ 10 കി.മീ. ചുറ്റളവില്‍ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിക്കുമെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിന് (344.53 സ്‌കയര്‍ കിലോമീറ്റര്‍) ചുറ്റും ഒരു കിലോമീറ്റര്‍ എന്ന ദൂര പരിധിയില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന ആദ്യ പ്രപ്പോസല്‍ സമര്‍പ്പിച്ചത്. എന്നാല്‍, പൊതുജനങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് വന്യജീവി സങ്കേതത്തിന് പുറത്തുള്ള പ്രദേശങ്ങള്‍ കൃഷി ഭൂമിയാണെന്നും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും, വന്യജീവി സങ്കേതത്തിന് ഉള്ളിലുള്ള ജനവാസ മേഖലകള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരിധിയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് ഉത്തരമേഖല വൈല്‍ഡ് ലൈഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍, എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ഫെബ്രുവരി 11ന് വന്യജീവി സങ്കേതത്തതിന് പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ടെറിട്ടോറിയല്‍ ഡിവിഷനുകളുടെ 69.12 സ്‌ക്വയര്‍ കിലോമീറ്റര്‍ റിസര്‍വ്വ് വനവും, വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന 19.09 സ്‌ക്വയര്‍ കിലോമീറ്റര്‍ ജനവാസമേഖലയും ഉള്‍പ്പെടുത്തി ആകെ 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചു. 2018 സെപ്തംബര്‍ 19ന് ഇതേ പ്രപ്പോസല്‍ വീണ്ടും സമര്‍പ്പിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഈ പ്രപ്പോസലുകള്‍ സ്വീകരിക്കാതിരിക്കാതെ ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പുതിയ പ്രപ്പോസല്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 നവംബര്‍ 21 ന് 72.94 സ്‌ക്വയര്‍ കിലോമീറ്റര്‍ ജനവാസ മേഖലയും വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന ജനവാസമേഖലയായ 19.09 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശവും, 26.56 സ്‌ക്വയര്‍ കിലോമീറ്റര്‍ റിസര്‍വ്വ് വനവും ഉള്‍പ്പെടുത്തി ആകെ 118.59 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രപ്പോസല്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ദ്രലയം പ്രപ്പോസല്‍ അംഗീകരിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍, കരട് വിഞ്ജാപനം വരുന്നതിന് മുമ്പു തന്നെ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് നിലവിലെ പ്രപ്പോസല്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സീറോ ആയി സമര്‍പ്പിച്ചിട്ടുള്ള ഈ പ്രപ്പോസലിന്മേലുള്ള എക്‌സ്‌പേര്‍ട്ട് കമ്മിറ്റി മീറ്റിങ്ങ് ഉടന്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.