നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ ചർച്ച നടത്തി

Share

മഴക്കെടുതി മൂലം നെല്ലുസംഭരണത്തിൽ തടസം വരാതിരിക്കാൻ സപ്ലൈകോ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച്  സംഭരണം സുഗമാക്കുന്നതിനായിരുന്നു ചർച്ച. സപ്ലൈകോ സി എംഡി അലി അസ്ഗർ പാഷയാണ് ചർച്ച നടത്തിയത്.
ഈർപ്പം കൂടുതലുള്ള നെല്ല് കർഷകരുമായുള്ള ധാരണയിൽ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കണം. കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്‌ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി സപ്ലൈകോ നൽകും. നെല്ല്, അരി എന്നിവ സൂക്ഷിക്കുന്നതിന് കൂടുതൽ ഗോഡൗണുകൾ ആവശ്യമെങ്കിൽ അതിനുള്ള അനുമതിയും സപ്ലൈകോ നൽകും.