കൊച്ചി: കുർബാന പരിഷ്കരിച്ചുള്ള സിനഡ് തീരുമാനത്തിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രതിഷേധം കൂടുതൽ ശക്തമായി. നിലവിലുള്ള ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരിയുടെയും പൗരസ്ത്യ കോൺഗ്രിയേഷൻ പ്രീഫക്റ്റ് കർദിനാൾ സാന്ദ്രിയുടെയും കോലം കത്തിച്ചു.
സിനഡ് തീരുമാനത്തെ എതിർക്കുന്ന എറണാകുളം അതിരൂപതയുടെ വൈദിക സമ്മേളനം കലൂരിൽ നടന്നുകൊണ്ടിരിക്കെയാണ് സമ്മേളനത്തിനു പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം വിശ്വാകൾ പരമോന്നത സഭാ നേതാക്കളുടെ കോലം കത്തിച്ചത്. നടപടി സഭാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സീറോ മലബാർ സഭ മാധ്യമ കമ്മിഷൻ ശക്തമായി പ്രതികരിച്ചതോടെ ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോര് കൂടുതൽ മൂർച്ഛിച്ചു.
കലൂർ റിന്യൂവൽ സെന്ററിലാണ് രാവിലെ വൈദിക സമ്മേളനം ചേർന്നത്. ഈ സമയം സമ്മേളനത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രകടനമായെത്തിയ അൽമായ മുന്നേറ്റം പ്രവർത്തകർ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെയും കർദിനാൾ സാന്ദ്രിയുടെയും കോലം കത്തിക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും കോലം കത്തിക്കലിനെ എതിർക്കാൻ എതിർ വിഭാഗം എത്താതിരുന്നതിനാൽ ഇടപെടേണ്ടി വന്നില്ല. മെത്രപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ അതിരൂപതയിലെ 316 വൈദികർ പങ്കെടുത്തു.
അതിരൂപത മുഴുവനായി ജനാഭിമുഖ ബലിയർപ്പണം തുടരാൻ നിലനിൽക്കുന്ന ഒഴിവനുവാദ കൽപ്പന പുതിയ സർക്കുലറിലൂടെ പിൻവലിക്കരുതെന്നു വൈദിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒഴിവനുവാദം പിൻവലിച്ചാൽ ഇടവകകളിൽ വലിയ സംഘർഷവും അജപാലന പ്രതിസന്ധികളുമുണ്ടാകുമെന്നു സമ്മേളനം മുന്നറിയിപ്പു നൽകി. വികാരി ജനറൽ ഫാ. ജോയി അയിനിയാടൻ, ബസിലിക്ക വികാരി ഫാ. ആന്റണി നരികുളം, സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈദികർക്കും ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിനും പിന്തുണയും അഭിവാദ്യങ്ങളും പ്രഖ്യാപിച്ച് കലൂരിലെത്തിയ ഇടവക പ്രതിനിധികൾ, കർദിനാൾ ആലഞ്ചേരിയും കർദിനാൾ സാന്ദ്രിയും എറണാകുളം അതിരൂപതയെ സാംസ്കാരികമായും സാമ്പത്തികമായും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, കൺവീനർ അഡ്വ. ബിനു ജോൺ, റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി, ആഗസ്റ്റിൻ കണിയാമറ്റം എന്നിവർ പ്രസംഗിച്ചു