ആകെ 41 സ്റ്റോപ്പ് , 15 എണ്ണം കേരളത്തിലാണ്!

Share

എല്ലാ ട്രെയിനുകളും എല്ലായിടത്തും നിറുത്തണമെന്ന ശാഠ്യമാണ് വേഗയാത്രയെ ബാധിക്കുന്നതെന്ന് ഹിന്ദു അടക്കമുള്ള പത്രങ്ങളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കൃഷ്ണകുമാര്‍. അദ്‌ദേഹം മുമ്പെഴുതിയ കുറിപ്പ് ഇപ്പോള്‍ വീണ്ടുംചര്‍ച്ചാവിഷയമായി. വായിക്കുക:
‘അഞ്ചു പൈസ എക്‌സ്ട്ര ചെലവാക്കാതെ കേരളത്തില്‍ അതിവേഗത്തില്‍ തീവണ്ടി യാത്ര ചെയ്യാനാവുമോ?
പറ്റും!!
എങ്ങനെ?
രണ്ട് ഉദാഹരണങ്ങള്‍ പറയാം. കേരള എക്‌സ്പ്രസ്
കേള്‍ക്കാത്തവര്‍ കേരളത്തില്‍ ആരുമുണ്ടാവില്ല എന്നു കരുതട്ടെ.
ന്യൂഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ 3036 കിലോമീറ്റര്‍ ദൂരം മൂന്ന് ദിവസം കൊണ്ട് ഓടി തീര്‍ക്കുന്ന തീവണ്ടിയാണിത്.
ആകെ 41 സ്റ്റോപ്പ് .
കോയമ്പത്തൂര്‍ ജംഗ്ഷന്‍ വരെ ഏതാണ്ട് 140 കിമി വേഗതയില്‍ പറന്നെത്തുന്ന ഈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് കഴിഞ്ഞാല്‍ സാദാ പാസഞ്ചര്‍ പോലെ ഇഴയും.
കാരണം മൊത്തമുള്ള 41 സ്റ്റോപ്പില്‍ 15 എണ്ണം കേരളത്തിലാണ്!
കേരളത്തിന്റെ മൂന്നിരട്ടി വലുപ്പമുള്ള തമഴ്‌നാട്ടില്‍ പോലും ഈ തീവണ്ടിക്ക് വെറും നാല് സ്റ്റോപ്പുള്ളപ്പോഴാണ് കേരളത്തില്‍ 15!
കേരളത്തിലേക്ക് പ്രവേശിക്കുന്നതോടെ ഈ സൂപ്പര്‍ ഫാസ്റ്റിന്റെ വേഗത മണിക്കൂറില്‍ ഏതാണ്ട് 60 ആയി ചുരുങ്ങുന്നു. കെ. എസ്. ആര്‍.ടി.സി ബസ് പോലും 80 കിമി കൂടുതല്‍ വേഗതയില്‍ പായുമ്പോഴാണിത് എന്നോര്‍ക്കണം.
വര്‍ക്കല കഴിഞ്ഞാല്‍ തിരുവനന്തപുരം പേട്ടയിലും ഈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിന് സ്റ്റോപ്പുണ്ട് !!
ഉദാരമനസ്‌കതേ നിന്റെ പേരോ കേരളം!
മൊത്തം യാത്രക്ക് ഏതാണ്ട് 50 മണിക്കൂര്‍ എടുക്കുന്ന ഈ തീവണ്ടി കേരളത്തിലെ 15 സ്റ്റോപ്പിനായി ഓടുന്നത് എട്ടു മണിക്കൂര്‍ !!
മറ്റൊരു ഉദാഹരണം മംഗലാപുരത്തു നിന്നും നാഗര്‍കോവില്‍ വരെ പോകുന്ന പരശുരാം എക്‌സ്പ്രസ്സാണ്.
മംഗലാപുരത്തു നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ഈ തീവണ്ടി വെറും 40 മിനുറ്റ് കൊണ്ട് കേരള അതിര്‍ത്തിയായ കാസറഗോഡ് എത്തും (ദൂരം 46 കിമി).
പിന്നെ സ്റ്റോപ്പുകളുടെ അയ്യരുകളിയാണ് !!
ഏതാണ്ട് 600 കിലോമീറ്റര്‍ താണ്ടി തിരുവനന്തപുരത്തെത്താന്‍ 13 മണിക്കൂര്‍ (ഹോ !) എടുക്കുന്ന ഈ ദുരിത വണ്ടിക്ക് 44 സ്റ്റോപ്പാണ് കേരളത്തിലുള്ളത്.
കര്‍ണ്ണാടകയില്‍ ഒരു സ്റ്റോപ്പ്, തമിഴ് നാട്ടില്‍ മൂന്ന് .
ചില സ്റ്റേഷനുകള്‍ തമ്മിലുള്ള അകലം 10 കിലോമീറ്ററിലും താഴെ!! (അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലും ചില സ്റ്റോപ്പുകള്‍ ഉണ്ട് !!)
പിന്നെങ്ങനെ അതിവേഗം സാധ്യമാകും?
സ്റ്റോപ്പുകളുടെ ആധിക്യമാണ് വേഗതയെ ബാധിക്കുന്നത്.
എല്ലാവര്‍ക്കും വീട്ടുമുറ്റത്ത് ട്രെയിന്‍ നിര്‍ത്തുകയും വേണം; അതിവേഗം എത്തുകയും വേണം!
മേല്‍ പറഞ്ഞ രണ്ട് തീവണ്ടികളുടെയെങ്കിലും സ്റ്റോപ്പുകളുടെ എണ്ണം കുറച്ചാല്‍ ഏതാണ്ട് 300 രൂപയില്‍ താഴെ ചെലവില്‍ സാധാരണക്കാരന് അതിവേഗം തിരുവനന്തപുരത്തെത്താം.
തിരിച്ച് കാസറഗോഡ് അല്ലെങ്കില്‍ പാലക്കാടുമെത്താം.
അറുപതിനായിരം കോടി രൂപയും പലിശയും ലാഭിക്കുകയുമാവാം!
…..
ഇനി കെ.റെയില്‍ നടപ്പായി എന്നു കരുതുക
അടുത്ത തെരെഞ്ഞെടുപ്പില്‍ തൂക്കു മന്ത്രിസഭയാണെന്നും കരുതുക
ഏതെങ്കിലും മുന്നണിയില്‍ ഏതെങ്കിലും പാര്‍ട്ടി വിലപേശല്‍ നടത്തുകയാണെങ്കില്‍ ആദ്യത്തെ ഡിമാന്റ് തങ്ങള്‍ക്ക് ആധിപത്യമുള്ളിടങ്ങളില്‍ സ്റ്റോപ് അനുവദിക്കുക എന്നതായിരിക്കും!
അപ്പോള്‍ വേലിക്കെട്ടിനുള്ളിലൂടെ ഒരൊച്ചിഴഞ്ഞു പോകുന്നത് കണ്ട് നെടുവീര്‍പ്പിടേണ്ടി വരും !
ജാഗ്രതൈ!!