തിരുവനന്തപുരം: മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്.
ഓച്ചിറ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷാബോബൻ്റെ കരളും വൃക്കകളും നേത്രപടലങ്ങളും അഞ്ചു രോഗികൾക്കാണ് ദാനം ചെയ്യുന്നത്.
നവംബർ മൂന്നിന് ഭർത്താവ് ബോബനോടൊപ്പം യാത്ര ചെയ്തിരുന സ്കൂട്ടറിൽ കന്നേറ്റിപ്പാലത്തിനു സമീപം വച്ച് ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ
ഉഷാ ബോബൻ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനമെന്ന മഹത് ദാനത്തിന് തയ്യാറാകുകയായിരുന്നു.
തുടർന്ന് സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രസക്തി ഉഷാ ബോബൻ്റെ ബന്ധുക്കൾക്ക് ആ തീരുമാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനമേകി. അവയവദാനത്തിന് ഉഷാ ബോബൻ്റെ ബന്ധുക്കൾ തയ്യാറായതറിഞ്ഞ് രോഗ്യ മന്ത്രി വീണാ ജോർജ് ആദരമറിയിക്കുകയും തുടർനടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. കിംസിലെ സീനിയർ ട്രാൻസ്പ്ലാൻ്റ് കോ ഓർഡിനേറ്റർ ഡോ പ്രവീൺ മുരളീധരൻ, ട്രാൻസ്പ്ലാൻ്റ് പ്രൊക്യുവർമെൻ്റ് മാനേജർ ഡോ മുരളീകൃഷ്ണൻ, ട്രാൻസ്പ്ലാൻ്റ് കോ ഓർഡിനേറ്റർ ഷബീർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഞായർ വൈകിട്ടോടെ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയ്ക്ക് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവൻ, ഡോ ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി എം ഇ ഡോ റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ഡോ നോബിൾ ഗ്രേഷ്യസ്, കോ- ഓർഡിനേറ്റർമാർ എന്നിവരുടെ ഏകോപനത്തിലൂടെ രാത്രി വൈകി അവയവദാന പ്രകൃയ പൂർത്തീകരിച്ചു.
മകൾ: ഷിബി ബോബൻ. മരുമകൻ: സുജിത് (ആർമി)
സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ
ചിത്രം: ഉഷാ ബോബൻ