പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവന്‍കുട്ടി

Share

ആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനു തന്നെ മാതൃകയായ മാറ്റങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ കഴിഞ്ഞ സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലിലൂടെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പരീക്ഷകള്‍ നടത്താനും നമുക്ക് കഴിഞ്ഞു.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ പ്രാപ്തരാക്കുന്നതിനും കലാകായിക മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം പരിഗണനയിലുണ്ട്- അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ നിന്ന് മൂന്നു കോടി രൂപയും, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപയും വിനിയോഗിച്ചാണ് രാമപുരം ഗവണ്‍മെന്റ് സ്‌കൂളിനുവേണ്ടി ബഹുനില കെട്ടിടം നിര്‍മിച്ചത്.

12405 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 11 ക്ലാസ് മുറികളുണ്ട്. സ്റ്റാഫ് റൂം, എച്ച്.എം റൂം, ലബോറട്ടറി, കമ്പ്യൂട്ടര്‍ റൂം, 20 ടോയ് ലറ്റുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ചടങ്ങില്‍ അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണന്‍, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷ, വാര്‍ഡ് അംഗം ആര്‍. രാജീവ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബുജാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല, ആര്‍.ഡി.ഡി കെ. ഉഷ, കൈറ്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഋഷി നടരാജന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *