പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ചയാൾ അറസ്റ്റിൽ

Share

കോട്ടയം: പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന മൂന്ന് പൂച്ചകളെ മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലാ പച്ചാത്തോട് പെറ്റ്സ് പാർക്ക്‌ കഴിഞ്ഞ മാസം 30 രാത്രി തുറന്ന്‌ പൂച്ചകളെ മോഷ്ടിച്ച കേസിൽ ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ പി തോംസൺ അറസ്റ്റ് ചെയ്തത്. മോഷണംപോയ മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസിൽ നിന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ മണിമല പൊലീസ് സ്റ്റേഷനിലെ വധശ്രമം, പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

സംഭവദിവസം രാത്രി 10.45 ന് ലിജോ കടയ്ക്കുള്ളിൽ കയറി. മൂന്ന് പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളിൽ ആക്കിയ ശേഷം ഇയാൾ പുറത്തേക്ക്  പോയി. ഈ  ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

തുടർന്ന് ഒരു മാസത്തെ  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കഴിഞ്ഞ മാസം 24 ന്  ലിജോ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഈ സ്ഥാപനത്തിൽ എത്തി ഒരു പട്ടിക്കുട്ടിയെ നൽകി മറ്റൊരു പട്ടിയെ എക്സ്ചേഞ്ച് ചെയ്ത് എടുക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ നിന്നു പ്രതിയെ തിരിച്ചറിയുകയായിരുന്നു.

എസ്.ഐ എം.ടി അഭിലാഷ്, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ സി. രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.