പിഞ്ചു കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്ത്

Share

കൊല്ലം: ക്ഷേത്ര ദര്‍ശനത്തിന് എന്ന വ്യാജേന പിഞ്ചു കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം 4  പേര്‍ അറസ്റ്റില്‍. ചിറയന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, പെരിനാട് സ്വദേശി അഭയ് സാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറില്‍ നിന്ന് 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്ക് കാറില്‍ കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ട് വയസുള്ള കുഞ്ഞിനെയും കൊണ്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.

ദേശീയപാതയില്‍ നീണ്ടകരയിലെ പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെയാണ് പൊലീസ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കാറിനകത്ത് വാതിലിന് ഇരു ഭാഗത്തുമായി 20 പൊതികളിലാക്കി ഒളിപ്പിച്ച രീതിയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സ്ത്രീയും കുഞ്ഞും ഉള്ളതിനാല്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് കടത്ത്. തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങി വരുന്നുവെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞതെന്ന് പൊലീസ് പറയുന്നു. കൊല്ലം ശാസ്ത്രി  ജംഗ്ഷനില്‍ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് വേണ്ടിയാണ് ദമ്പതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.