ചേന്ദമംഗലം മാറ്റച്ചന്തയ്ക്ക് മകുടം ഒരുങ്ങി 

Share

കൊച്ചി: ചേന്ദമംഗലത്തെ വിഷു മാറ്റച്ചന്തയോളം പഴക്കവും മുഴക്കവുമുള്ള ഒന്നാണ്‌ വൈപ്പിൻകര എടവനക്കാട്ടെ കൃഷ്‌ണൻകുട്ടിയുടെ കരവിരുതിൽ ഒരുങ്ങുന്നത്‌. രണ്ടുവശവും തുകൽ കെട്ടിയ മുഴുവൻ ചിരട്ടയിൽ നൂലിൽകെട്ടിയ ഉണ്ട കറക്കിയടിച്ച്‌ നാദം കേൾപ്പിക്കുന്ന മകുടം. ചുറ്റുപാടു നിന്ന്‌ ലഭിക്കുന്ന സാധനങ്ങൾ മാത്രമുപയോഗിച്ച്‌ പരമ്പരാഗത രീതിയിൽ നിർമിക്കുന്ന മകുടം മാറ്റച്ചന്തയിൽ മാത്രമാണ്‌ വിൽപ്പനക്കെത്തുന്നത്‌.

പണത്തിനു പകരം സാധനങ്ങൾ പരസ്‌പരം കൈമാറുന്ന ചേന്ദമംഗലത്തെ വിഷുക്കാല മാറ്റച്ചന്തയ്ക്ക്‌ കൊച്ചി രാജഭരണകാലത്തോളം പഴക്കമുണ്ട്‌. അവരവരുടെ പക്കലുള്ളത്‌ കൈമാറി ആവശ്യമുള്ളത്‌ സ്വന്തമാക്കുന്നതിൻറെ  ഭാഗമായാകാം മകുടം മാറ്റച്ചന്തയിൽ എത്തിപ്പെട്ടതെന്ന്‌ കൃഷ്‌ണൻകുട്ടി പറയുന്നു. ഭാര്യ കുമാരിയുടെ അച്ഛൻ വേലായുധനിൽ നിന്നാണ്‌ കൃഷ്‌ണൻകുട്ടിക്ക്‌ മകുട നിർമാണവിദ്യ കൈമാറിക്കിട്ടിയത്‌. കൃഷ്‌ണൻകുട്ടി മകുടം വിൽക്കുന്ന 44–-ാം വർഷത്തെ മാറ്റച്ചന്തയാണ്‌ ഈ വിഷുക്കാലത്ത്‌ നടക്കുന്നത്‌. ആദ്യകാലത്ത്‌ വേറെയും മകുടം നിർമാതാക്കൾ മാറ്റച്ചന്തയിൽ വന്നിരുന്നു. ഇപ്പോൾ കൃഷ്‌ണൻകുട്ടി മാത്രം.

പൊട്ടിക്കാത്ത ചിരട്ടയുടെ (ഉക്കത്തൊണ്ട്‌) രണ്ടുവശവും ദ്വാരമിട്ട്‌ ചുണ്ണാമ്പുവെള്ളത്തിലിട്ട്‌ കഴുകി ഉണക്കിയെടുത്ത പശുവിൻറെ  ആമാശയത്തുകൽ ഒട്ടിക്കും. പനച്ചിക്കായ ഇടിച്ചുപിഴിഞ്ഞ പശ ചേർത്താണ്‌ ഒട്ടിക്കൽ. ചിരട്ടയുടെ  വശങ്ങളിലിടുന്ന ചെറിയ ദ്വാരത്തിൽ കെട്ടിയ ഉരുണ്ട വസ്‌തു നൂലിൽകെട്ടി ഞാത്തും. ദ്വാരത്തിൽ ഉറപ്പിക്കുന്ന കോൽ തിരിക്കുമ്പോൾ നൂൽകറങ്ങി ഉണ്ട തുകലിൽ അടിക്കും. തോട്ടിൻകരയിൽ പടർന്നുവളരുന്ന കല്ലാലിൻറെ  വേര്‌ പറിച്ചുണക്കി പശ ചേർത്ത്‌ ഉരുട്ടിയാണ്‌ ഉണ്ടയുണ്ടാക്കുന്നത്‌. ചിരട്ടയിൽ ചായം പൂശി ചിത്രപ്പണി പൂർത്തിയാക്കുന്നതോടെ മകുടം റെഡി. അന്തരീക്ഷ താപനിലയിലെ വ്യത്യാസമനുസരിച്ച്‌ മകുടം വ്യത്യസ്‌ത നാദങ്ങൾ പുറപ്പെടുവിക്കുമെന്ന്‌ കൃഷ്‌ണൻകുട്ടി.

മുന്നൂറോളം മകുടം മാറ്റച്ചന്തയിൽ വിൽക്കും. മാറ്റച്ചന്ത ഉന്നമിട്ട്‌ വർഷമാദ്യം നിർമാണം തുടങ്ങും. കോവിഡിനുമുമ്പ്‌ അവസാനം നടന്ന മാറ്റച്ചന്തയിൽ 80 രൂപക്കാണ്‌ മകുടം വിറ്റത്‌. ഇക്കുറി പത്തുരൂപ അധികമാകും. 43 വർഷംമുമ്പ്‌ ഒരു രൂപയായിരുന്നു വില. കുട്ടികൾക്ക്‌ കളിപ്പാട്ടമായല്ല, നൂറ്റാണ്ടുപഴക്കമുള്ള മാറ്റച്ചന്തയിലെ ചരിത്രശേഷിപ്പായാണ്‌ പലരും മകുടം വാങ്ങുന്നത്‌.

പതിനൊന്നുമുതൽ 14 വരെ പാലിയം സ്കൂൾ മൈതാനത്തെ മാറ്റപ്പാടത്താണ്‌ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന മാറ്റച്ചന്ത. മൺകലങ്ങളും കൈത്തറി ഉൽപ്പന്നങ്ങളും നിത്യോപയോഗസാധനങ്ങളും വിൽപനക്കെത്തും.

Leave a Reply

Your email address will not be published.