സ്ത്രീസമൂഹം ഒറ്റക്കെട്ടായി അതിക്രമങ്ങളെ എതിര്‍ക്കണം: സ്വപ്നില്‍ മധുകര്‍ മഹാജന്‍

Share

പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ . കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനാചരണത്തോട് അനുബന്ധിച്ച് ആറന്മുള യുവജന സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച സുരക്ഷിതമോ പൊതു ഇടങ്ങള്‍ സംവാദ പരിപാടി സമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതും പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കുന്നതുമാണ് കൂടുതല്‍ അതിക്രമങ്ങളിലേക്ക് നയിക്കുന്നത്. പൊതുഇടങ്ങള്‍ സ്ത്രീക്ക് അന്യമാകുന്നത് സ്ത്രീകളുടെ ആവശ്യമായി അത് ഉയര്‍ന്ന് വരാത്തതുകൊണ്ടാണ്. സ്ത്രീകളുടെ ശബ്ദം കുടുംബങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നുവരണം. ആണ്‍പെണ്‍ തുല്യത ഉള്ള കുടുംബാന്തരീക്ഷം ഉണ്ടാകണം. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം.

ചോദ്യം ചോദിക്കുവാനുള്ള ആര്‍ജവം, അതിക്രമം നടത്തുന്നവരെ നോട്ടംകൊണ്ട് പിന്‍തിരിപ്പിക്കാനുള്ള ധൈര്യം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുകയും വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുകയും അതിക്രമങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനുള്ള ശേഷിയുമാണ് സ്ത്രീകള്‍ക്ക് ആവശ്യമെന്ന് പാനല്‍ അംഗങ്ങൾ അഭിപ്രായപ്പെട്ടു.