പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജി ഫോർ വിമണിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ വനിത നിർമ്മിത ഉപഗ്രഹ പേലോഡ് ആയ വീസാറ്റിന്റെ വിജയ സ്മാരകമെന്ന നിലയിൽ നിർമിച്ച സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമൺ കോളേജിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വീസാറ്റ് സെൽഫി പോയിന്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഉം, ഐടി സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർ എന്നിവർ നിർവഹിച്ചു. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ എം അബ്ദുൾ റഹിമാൻ, പ്രിൻസിപ്പൽ ഡോ ജയമോഹൻ ജെ എന്നിവർ സംബന്ധിച്ചു.
5 വർഷ കാലയളവിൽ കോളേജിലെ 150 ഓളം വിദ്യാർത്ഥിനികൾ ചേർന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ലിസി അബ്രഹാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തതാണ് വീസാറ്റ്. അധ്യാപിക കോർഡിനേറ്റർമാരായി ഡോ. രശ്മി ആർ, ഡോ. സുമിത്ര എം. ഡി എന്നിവരും നിലവിൽ വിദ്യാർത്ഥി കോർഡിനേറ്റർമാരായി ദേവിക ഡി.കെ, സൂര്യ ജയകുമാർ, ഷെറിൽ മറിയം ജോസ് എന്നിവരും ആണ് പ്രവർത്തിക്കുന്നത്.
അധ്യാപകരുടെയും വിദ്യാർഥികളുടെയും സമർപ്പണത്തെയും കൂട്ടായ പരിശ്രമത്തിന്റെയും കഠിനമായ പ്രയത്‌നതെയും പ്രകടനത്തെയും പ്രതിനിധീകരിക്കുന്നതാണ് വീസാറ്റ് സെൽഫി പോയിന്റ്. വീസാറ്റ് പേലോഡിന്റെ മോഡൽ 2:1 അനുപാതത്തിലും അത് വിക്ഷേപിച്ച PSLV C-58 മോഡൽ 1:10 അനുപാതത്തിലും കോളേജിന്റെ മുന്നിൽ നിർമിച്ചിരിക്കുന്നതാണ് വീസാറ്റ് സെൽഫി പോയിന്റ്.
വനിതകളുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെതന്നെ ആദ്യത്തെ സാറ്റലൈറ്റ് ആണ് വിസാറ്റ്. വീസാറ്റ് പെലോഡ് ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമികമായി ലഭിച്ച ടെലിമെറ്ററി ഡാറ്റയിൽ നിന്നും ബഹിരാകാശത്തു രേഖപ്പെടുത്തിയ പരമാവധി അൾട്രാവയലെറ്റ് റേഡിയേഷൻ ഇൻഡക്‌സ് 23 ആണ്. അന്തരീക്ഷോപരിതലത്തിൽ നമ്മുടെ സംസ്ഥാനത്തു പരമാവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 12 ആണ്. കൂടുതൽ പഠനങ്ങൾക്കും വിശകലനങ്ങൾക്കുമായി ഈ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യാനുള്ള അൽഗോരിതം വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം വീസാറ്റ്.