മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66ൻ്റെ നിർമാണം 2025 ഏപ്രിൽ 25നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പറവൂർ നഗരസഭയിലും വടക്കേക്കര, വരാപ്പുഴ, ചിറ്റാറ്റുകര, ആലങ്ങാട്, കോട്ടുവള്ളി, ചേരാനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും, കാൻസർ സെന്ററിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിലിൽ നിർമ്മാണം പൂർത്തിയാക്കി മെയ് ആദ്യം മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും, കാൻസർ സെന്ററിന്റെയും പ്രവർത്തനം ആരംഭിക്കാൻ കഴിയും വിധം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നിലവിൽ 95 ശതമാനം സിവിൽ വർക്കുകളും 65 ശതമാനം മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലബിങ് വർക്കുകളുമാണ് പൂർത്തീകരിച്ചിട്ടുള്ളത് . സി ടി സ്കാൻർ, ഡിജിറ്റൽ എക്സ്-റേ , മോഡുലാർ തിയറ്റർ ഉൾപ്പെടെ 45 കോടി 89 ലക്ഷം രൂപയുടെ 126 മെഡിക്കൽ ഉപകരണങ്ങളാണ് മെഡിക്കൽ കോളേജിൽ ലഭ്യമാക്കുക. മെഡിക്കൽ ഉപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കാൻ ടെൻഡർ വിളിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും 110 കെ വി സബ് സ്റ്റേഷന്‍ സജ്ജമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കാൻ കെഎസ്ഇബി നിർദ്ദേശം നൽകി.
കളമശ്ശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പദ്ധതിയിൽ റെയിൽവേ മേൽപ്പാലം വീതി കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയമ – വ്യവസായ – കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് കേരള റോഡ് ഫണ്ട്സ് ബോർഡ് (കെ.ആർ.എഫ്.ബി), റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ), റെയിൽവേ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്.എം. ടി. ജംഗ്ഷൻ വികസനം ജില്ലയിലെ പ്രധാന വികസന പദ്ധതിയാണ്. ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളിൽ ഒന്നാണിത്. റെയിൽവേ മേൽപ്പാലം കൂടി വീതി കൂട്ടിയാൽ മാത്രമേ വികസനം പൂർണമാകൂ. ഇത് പ്രാവർത്തികമാക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.