സംസ്ഥാനത്ത് വികസനം നടക്കില്ല എന്ന ധാരണ ഇനിയില്ല: പിണറായി വിജയൻ

Share

കഴക്കൂട്ടം: സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടക്കാൻ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതിൽ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് ഒപ്പം സംയുക്തമായി നിർവഹിച്ചശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതാ വികസനം, ഗെയിൽ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾ നടപ്പാക്കുക വഴി കേരളത്തിൽ വികസന പ്രവർത്തനങ്ങൾ സാധ്യമാകുമെന്ന നിലയിലേക്ക് ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ് സംസ്ഥാനത്തെ റോഡ് ഗതാഗത വികസന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാതാ വികസനം സ്തംഭനാവസ്ഥയിൽ ആയിരുന്നു. വികസനത്തിന് മികച്ച റോഡുകൾ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ സർക്കാർ ദേശീയപാതാ വികസനം ഒരു അജണ്ടയായി ഏറ്റെടുത്തു. കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമാണ്. ജനസാന്ദ്രത കൂടുതലും കൂടുതൽ വാഹനപ്പെരുപ്പവും ഭൂമിവില കൂടുതലുള്ളതുമായ സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കൽ ചെലവുള്ള പ്രവൃത്തിയാണ്. അത് കാരണം വികസന പ്രവൃത്തി മുടങ്ങാതിരിക്കാനാണ് ഭൂമി ഏറ്റെടുക്കലിന് വേണ്ട ചെലവിന്റെ 25 ശതമാനം വഹിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത്. ഈയിനത്തിൽ 5500 കോടിയിലേറെ രൂപയാണ് സംസ്ഥാനം ചെലവിട്ടത്, മുഖ്യമന്ത്രി പറഞ്ഞു.