തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര സോഫ്വെയർ കേന്ദ്രം (ഐസിഫോസ്) വികസിപ്പിച്ചെടുത്ത അഞ്ച് ഐ.ടി. പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഐസിഫോസ് ഓപ്പൺ ഹാർഡ്വെയർ ഐഒടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ലോറാവാൻ’ ശൃംഖല 14 ജില്ലകളിൽ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം, സ്വതന്ത്ര ഹാർഡ്വെയർ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം, ഐസിഫോസ് സഹായ സാങ്കേതിക വിഭാഗം വികസിപ്പിച്ച രണ്ട് ഉപകരണങ്ങളുടെ പ്രകാശനം, ഇ-ഗവേണൻസ് ഹെൽപ്പ്ഡെസ്ക്, ‘സേവിക’ ചാറ്റ്ബോട്ട് എന്നിവയുടെ ഉദ്ഘാടനവും, ഐസിഫോസ് ജെഎൻയുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
കുറഞ്ഞ ഊർജം ഉപയോഗിക്കുന്നതും നെറ്റ്വർക് പ്രോട്ടോകോൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമായ ഒരു നെറ്റ്വർക്കാണ് ലോറാവാൻ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഐഒടി ഉപകരണങ്ങൾ ഈ ശൃംഖല ഉപയോഗിച്ച് പ്രാദേശികമായും ഇന്റർനെറ്റ് സഹായത്തോടെ ദേശീയ അന്തർദേശീയ ശൃംഖലകളുമായും വയർലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിന് ഐസിഫോസിന്റെ സ്വതന്ത്ര ഐഒടി സംഘമാണ് ഈ ആശയത്തിന് രൂപം നൽകിയത്. ഐഒടി വെബ്സൈറ്റിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.