സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കും: കെ എന്‍ ബാലഗോപാല്‍

Share

തിരുവനന്തപുരം: നവീന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് എക്സലന്‍സ് ലീപ് കോ വര്‍ക്ക്സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ദിവസവും മാറുന്ന തൊഴില്‍ സാഹചര്യമാണ് നിലവില്‍ ലോകത്തുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഭാവിയില്‍ തൊഴില്‍ രംഗം കീഴടക്കാന്‍ സാധ്യതയുണ്ട്. അതുകൂടി പ്രയോജനപ്പെടുത്തി നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വന്‍കിട രാജ്യാന്തര കമ്പനികളിലെ തൊഴിലുകള്‍ നമ്മുടെ നാട്ടിലിരുന്ന് തന്നെ ചെയ്യാന്‍ ലീപ് സെന്ററുകളിലൂടെ സാധ്യമാകും. ബഹുരാഷ്ട്ര കമ്പനികളുടെ വികേന്ദ്രീകൃത തൊഴിലടങ്ങള്‍ക്ക് സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ സാധ്യതകള്‍ ഏറെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ വിദേശരാജ്യങ്ങളിലെ നികുതിരംഗത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാക്കി യുവ പ്രഫഷണലുകളെ വാര്‍ത്തെടുക്കാനായി അസാപ് കേരള സംഘടിപ്പിച്ച എന്റോള്‍ഡ് ഏജന്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ജോലി ലഭിച്ചവര്‍ക്ക് ഓഫര്‍ ലെറ്ററുകളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന ശില്പശാലകള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോ എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 55 ലക്ഷം രൂപ ചെലവഴിച്ചാണ് ലീപ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. 42 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കേന്ദ്രത്തിലുണ്ട്. മികച്ച രീതിയില്‍ രൂപകല്പ്പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിങ് റൂമുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. വര്‍ക് നിയര്‍ ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും വഴിയൊരുങ്ങും. മറ്റു സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാനും നിക്ഷേപ സാധ്യതകള്‍ തുറക്കാനും ലീപ് സെന്റര്‍ സഹായകരമാകും.