നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു

Share

തിരുവനന്തപുരം: നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി.

തന്റെ വീട്ടിനടുത്തുള്ള തോട്ടിൽ വീണ മൂന്നു പേരെ നീന്തി രക്ഷപ്പെടുത്തിയ കൈനടി സ്വദേശി അതുൽ കൃഷ്ണക്കും വേമ്പനാട് കായലിൽ നാലുകിലോമീറ്റർ നീന്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ കോതമംഗലം സ്വദേശിനി ജുവൽ മറിയം ബേസിലിനും ഒപ്പമാണ് ജോസ് കെ മാണി മന്ത്രിയെ കണ്ടത്.

കേരളത്തിൽ മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കുട്ടികൾ നീന്തൽ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതുലിനെയും ജുവലിനെയും മന്ത്രി അഭിനന്ദിച്ചു.