രഞ്ജിത് ബാബു
മംഗളൂരു: വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് കോളേജ് ക്യാമ്പസിൽ കടക്കാൻ ശ്രമിച്ചതിനെ പ്രിൻസിപ്പൽ ഗേറ്റ് അടച്ചു തടഞ്ഞു. കർണാടകത്തിലെ കുന്താപുരം ഗവൺമെന്റ് പി.യു കോളേജിലാണ് സംഭവം. കോളേജിലേക്ക് ഹിജാബ് ധരിച്ച് പ്രവേശിക്കാൻ ശ്രമിച്ച വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ രാമകൃഷ്ണ നേരിട്ടെത്തി ഗേറ്റ് അടച്ച് തടയുകയായിരുന്നു. ഒരു കാരണവശാലും ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കയാണ് പ്രിൻസിപ്പൽ.
കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച് മുസ്ലീം വിദ്യാർത്ഥിനികൾക്കെതിരെ കോളേജ് ക്യാമ്പസിൽ പ്രതിഷേധം നടന്നിരുന്നു. ഒരു കൂട്ടം വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ചെത്തിയാണ് ക്ലാസുകളിൽ പ്രവേശിച്ചത്. അതേ തുടർന്ന് ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വിദ്യാർത്ഥിനികളും പ്രിൻസിപ്പലും തമ്മിൽ ഏറെ നേരം വാക്തർക്കത്തിൽ ഏർപ്പെട്ടു. ഇതു വരെ ഹിജാബ് ധരിച്ചു തന്നെയാണ് ക്ലാസുകളിൽ തങ്ങളെത്തിയിരുന്നുത്. ഇനിയും എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ഇപ്പോൾ പെട്ടെന്ന് ഹിജാബ് ധരിക്കാൻ പാടില്ല എന്ന് പറയുന്നത് എന്തു കാരണം കൊണ്ടാണെന്നും അവർ ചോദിച്ചു.
നേരത്തെ ഹിജാബിനെതിരെ കോളേജ് അധികൃതർ ഒരു നിയന്ത്രണവും അടിച്ചേൽപ്പിച്ചിരുന്നില്ല. പെട്ടന്നാണ് നിരോധനം ഉണ്ടായത്. ചിലർ കാവി ഷാൾ ധരിച്ചെത്തിയതിനെ തുടർന്നാണ് കോളേജിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന നയമാണ് കോളേജ് അധികൃതർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു,. പരീക്ഷ തുടങ്ങാൻ രണ്ടു മാസം മാത്രം ഉളളപ്പോഴാണ് ഇത്തരം സമീപനമുണ്ടായത്. എന്നാൽ വിദ്യാഭ്യാസത്തിനുള്ള അവകാശം ആർക്കും നിഷേധിച്ചിട്ടില്ലെന്ന് കോളേജ് അധികൃതരും പറയുന്നു. കോളേജ് വികസന സമിതി പ്രസിഡണ്ടും കുന്താപുരം എം. എൽ. എ യുമായ ഹലാഡി ശ്രീനിവാസ ഷെട്ടിയുടെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. യൂനിഫോം അല്ലാതെ അധിക വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന നയമാണ് കോളേജ് അധികൃതർ സ്വീകരിക്കുന്നത്.