വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും: വി ശിവൻകുട്ടി

Share

തിരുവനന്തപുരം: വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നവംബർ 30 നുള്ളിൽ എല്ലാ സ്‌കൂളിലും അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണമെന്ന് മന്ത്രി അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്‌കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ/കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സ്‌കൂൾ പരിശോധനകളിൽ വാട്ടർ ടാങ്കുകൾ, കിണറുകൾ എന്നിവ വീഴ്ച കൂടാതെ പരിശോധിക്കണം.

ഉച്ചഭക്ഷണ വിതരണത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ അത് അപ്പോൾ തന്നെ പരിഗണിക്കണം. ഈ പരാതികൾക്ക് പരിഹാരം കാണാൻ ഉച്ചഭക്ഷണ വിഭാഗം ഡയറക്ടറേറ്റ് തലം മുതൽ സ്‌കൂൾ തലം വരെ ജാഗരൂകരാകേണ്ടതുണ്ട്. നല്ല രീതിയിൽ ഭക്ഷണ വിതരണം നടത്തുന്ന സ്‌കൂളുകൾക്ക് പ്രശംസയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയും കർശനമാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.