ശിരസ് – പക്ഷാഘാത ചികിത്സ പദ്ധതി എല്ലാ ജില്ലകളിലും ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Share

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്ട്രോക്ക് യൂണിറ്റുകളാണ് വിവിധ ജില്ലാ ആശുപത്രികളിലായി പ്രവർത്തിക്കുന്നത്. കൂടാതെ ഈ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രോക്ക് ഐസിയുവും സ്ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നു.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കൽ കോളേജുകൾ കൂടാതെ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്.

സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജൻ ആക്റ്റിവേറ്റർ (TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിർണയ പദ്ധതിയുടെ ഭാഗമായി കെഎംഎസ്സിഎൽ വഴി സംഭരിച്ച് വിതരണം ചെയ്ത് വരുന്നു. സ്ട്രോക്ക് യൂണിറ്റിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും സ്റ്റ്ഫ് നേഴ്സുമാർക്കും ഫിസിയോ തെറാപ്പിസ്റ്റുമാർക്കും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പക്ഷാഘാത വിഭാഗവുമായി ചേർന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികൾക്ക് വിജയകരമായി സ്ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നൽകിയിട്ടുണ്ട്.