തിരുവനന്തപുരം∙ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം.
ജില്ലകളുടെ കാറ്റഗറിയില്‍ മാറ്റം വന്നിട്ടുണ്ട്. ‘സി’ കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി ‘ബി’ യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി ‘എ’ യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു.