പട്ടിക ജാതി/ പട്ടിക വര്‍ഗ, വനിതാ സിനിമകള്‍ക്കായുള്ള പ്രത്യേക പദ്ധതി

Share

സിനിമ രംഗത്ത്‌ വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.

വനിതകളുടെ വിഭാഗത്തില്‍ രണ്ടും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടും തിരക്കഥകള്‍ക്കാണ് പരമാവധി 1.5 കോടി രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കുക. വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തിൽ ശ്രുതി നമ്പൂതിരി സമർപ്പിച്ച ‘ബി 32മുതൽ 44 വരെ’ എന്ന തിരക്കഥയ്ക്ക് ജൂറി ഒന്നാം സ്ഥാനം നൽകി.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ വി.എസ്.സനോജ് സമർപ്പിച്ച “അരിക്’ എന്ന തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും അരുൺ ജെ. മോഹൻ സമര്‍പ്പിച്ച ‘പിരതി’ തിരക്കഥക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകള്‍ക്ക് ജൂറി തുല്യ പിൻതുണ നൽകിയതിനാൽ രണ്ടാം സ്ഥാനത്തിന്റെ വിധി നിര്‍ണയം ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷം പ്രഖ്യാപിക്കും.

2019-20 വർഷത്തിലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന നുതനമായ പദ്ധതി നടപ്പിലാക്കിയത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുവാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ ഇത്തരം ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വനിതകളിൽ നിന്നും തിരക്കഥകൾ ക്ഷണിച്ച് അവ സിനിമാമേഖലയിലെ വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തിയാണ് നിർമ്മാണത്തിനായുള്ള തിരക്കഥകൾ തെരഞ്ഞെടുത്തത്. ഇത്തരത്തിൽ പ്രതിഭാശാലികളായ രണ്ട് നവാഗത സംവിധായകരെയാണ് കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകത്തിനു ലഭിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിർമ്മാണ ചുമതല കെ.എസ്.എഫ്.ഡി.സി യിലാണ് നിക്ഷിപ്തമായിരുന്നത്. ഒരു സിനിമയ്ക്ക് പരമാവധി 1.5 കോടി രൂപ നല്‍കിവരുന്നത്. കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനം ലഭിച്ച താരാ രാമാനുജൻ രചന, സംവിധാനം എന്നിവ നിര്‍വഹിച്ച “നിഷിധോ” എന്ന ചലച്ചിത്രത്തിനു രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്തമായ ചലച്ചിത്ര മേളകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

26-മത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കും “നിഷിധോ” തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം ലഭിച്ച മിനി ഐ.ജി സംവിധാനം ചെയ്ത “ഡിവോഴ്സ്” എന്ന ചിത്രവും ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനതിനെത്തുന്നതാണ്.

ഈ വര്‍ഷമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരുടെ സിനിമ എന്ന നൂതന പദ്ധതി ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയത് എന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചലച്ചിത്ര സംവിധാന രംഗത്ത്‌ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന വ്യക്തികളുടെ സാന്നിധ്യം വളരെ കുറവാണ്. ഈ രംഗത്തേക്ക് കടന്നു വരുവാന്‍ ഇപ്പോഴും ഈ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് അദൃശ്യമായ തടസം നേരിടുന്നു എന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ഈ രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള തിരക്കഥകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയത്. പ്രമുഖ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ ഭാഗമായി ലഭിച്ച അപേക്ഷകള്‍, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കള്‍ പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട തിരക്കഥാകൃത്തുക്കളെ ചലച്ചിത്ര അധ്യാപകര്‍ , സംവിധായകര്‍ , പ്രഗല്‍ഭ തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ തിരക്കഥാ രചനാ ശില്പശാലയിലെക്ക് ക്ഷണിക്കുകയുണ്ടായി. മധുപാല്‍ ചെയര്‍മാനും, വിനു എബ്രഹാം , ജി.എസ് വിജയന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തില്‍ 79 പ്രൊപ്പോസലുകളും വനിതകളുടെ സംവിധാനത്തിലെ സിനിമ വിഭാഗത്തിൽ 41 പ്രൊപ്പോസലുകളുമാണ് ലഭിച്ചത്. തുടര്‍ന്നു ഇവരില്‍ നിന്നും ട്രീറ്റ്മെന്റ് നോട്ട് ക്ഷണിക്കുകയുണ്ടായി. വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തിൽ 34 വ്യക്തികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 56 വ്യക്തികളുമാണ് ട്രീറ്റ്മെന്റ് നോട്ട് സമര്‍പ്പിച്ചത്.

ലഭ്യമായ ട്രീറ്റ്മെന്റ് നോട്ട് ഡോ. ബിജു ചെയർമാനും കുക്കു പരമേശ്വരൻ, മനോജ്‌ കാന എന്നിവര്‍ അംഗങ്ങളുമായ ജൂറി വിലയിരുത്തി. വനിതാസിനിമാ വിഭാഗത്തിൽ 11 വ്യക്തികളോടും പട്ടികജാതി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 18 വ്യക്തികളോടും തിരക്കഥ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിൽ ലഭിച്ച തിരക്കഥകൾ സുപ്രസിദ്ധ തിരക്കഥാകൃത്ത് ജോൺ പോൾ ചെയർമാനായ ജൂറി വിലയിരുത്തുകയും തിരക്കഥ സമർപ്പിച്ച വ്യക്തികളുമായി അഭിമുഖം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാന തെരഞ്ഞെടുപ്പ് നടത്തിയത്.

ഡോ. ബിജു, ഷെറിൻ ഗോവിന്ദ്, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. ഒട്ടും കാലതാമസം കൂടാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയര്‍മാന്‍ ഷാജി.എന്‍ കരുണ്‍, എം.ഡി എന്‍. മായ എന്നിവരും പങ്കെടുത്തു.