തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസ് ശുചീകരിക്കാൻ ഇനി മുതൽ ആധുനിക സംവിധാനങ്ങളുള്ള റോഡ് സ്വീപ്പിംഗ് മെഷിനും. 17325 സ്ക്വയർമീറ്റർ സ്ഥലം ഒരു മണിക്കൂർ കൊണ്ട് വൃത്തിയാക്കുന്ന റോഡ് സ്വീപ്പിംഗ് മെഷിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബുധൻ രാവിലെ 10 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് നിർവഹിച്ചു.
മെഡിക്കൽ കോളേജ് ക്യാമ്പസിനെ ആധുനിക രീതിയിൽ മാലിന്യ മുക്തമാക്കാനും പുതിയ മെഷീൻ കൊണ്ട് കഴിയും. മെഷീന്റെ 640 ലിറ്റർ ശേഷിയുള്ള ടാങ്കിലേക് 17325 സ്ക്വയർ മീറ്റർ സ്ഥലത്തെ മാലിന്യങ്ങൾ ഒരു മണിക്കൂർ കൊണ്ട് വളരെ കുറഞ്ഞ ചെലവിൽ ശുചീകരിക്കുവാൻ ഇതിലൂടെ കഴിയും.
മെഷീൻ വഴി തന്നെ ഇതിൽ ശേഖരിക്കുന്ന മാലിന്യം ഗാർബേജ് യാർഡിലോ വേസ്റ്റ് ബിനുകളിലേക്കോ മെഷീൻ കൊണ്ട് തന്നെ നിക്ഷേപിക്കുവാനും കഴിയും. കോയമ്പത്തൂർ ആസ്ഥാനമായ റൂട്സ് മൾട്ടിക്ലീൻ ലിമിറ്റഡാണ് മെഷീൻ നിർമ്മിച്ചു നൽകിയത്.
മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങളോടൊപ്പം തന്നെ ആശുപതിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക് 20 ലക്ഷം രൂപ ചെലവഴിച്ച് പുതിയ മെഷീൻ വാങ്ങി നൽകിയത്.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ, ഹെൽത്ത് ഇൻസ്പക്ടർമാർ , നേഴ്സിംഗ് സൂപ്രണ്ടുമാർ , വെഹിക്കൾ ഓഫീസർ , വർക്ക് ഷോപ്പ് സൂപ്രണ്ട് , റൂട്സ് മൾട്ടിക്ലീൻ ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.