പച്ചക്കറി വില വർദ്ധനവ്: അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നുമുതൽ പച്ചക്കറി എത്തും- കൃഷിമന്ത്രി

Share

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഇന്നുമുതൽ തന്നെ വിപണിയിലെത്തിക്കാനാണ് ഹോർട്ടികോർപ്പ് തയ്യാറെടുക്കുന്നത്. കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്.

കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടൽ വിപണയിൽ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഹോർട്ടികോർപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡബ്യൂ.ടി.ഒ. സെൽ സ്പെഷൽ ഓഫീസർ ആരതി ഐ ഇ എസ് ന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

നാടൻ പച്ചക്കറിയെ ആശ്രയിച്ച് വിപണിയെ പിടിച്ചുനിർത്താൻ നമുക്കാവണം. അതിനായി പ്രാദേശിക പച്ചക്കറി ഉത്പാദനം ഇനിയും വർദ്ധിപ്പിച്ചേ മതിയാകൂ. വീട്ടുവളപ്പിൽ ചെറിയതോതിലുള്ളതാണെങ്കിലും പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കണം.

അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കുമെന്നും അതിലൂടെ സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതു വിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് പച്ചക്കറി കൃഷി നശിച്ചു പോയവർക്ക് അടിയന്തിരമായി പച്ചക്കറി തൈകൾ ലഭ്യമാക്കാനും കൃഷി മന്ത്രി നിർദ്ദേശം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *