മൂടല്‍മഞ്ഞ്: റിപ്പബ്ലിക് ദിന പരേഡ് അരമണിക്കൂര്‍ വൈകും

Share

ഡല്‍ഹി: ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡ് അരമണിക്കൂര്‍ വൈകിയാകും ആരംഭിക്കുക. 26ന് മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന കാലാവസ്ഥാ പ്രവചനം പരിഗണിച്ചാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സാധാരണ രാവിലെ 10ന് ആരംഭിക്കേണ്ട പരേഡ് ഇത്തവണ 10.30നായിരിക്കും ആരംഭിക്കുക. മുന്‍കാല പരേഡുകളിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോകള്‍, മസനയുമായി ബന്ധപ്പെട്ട ഹ്രസ്വ ചിത്രങ്ങള്‍ എന്നിവ രാജ്പഥിന്റെ രണ്ട് വശത്തുമായി സ്ഥാപിക്കുന്ന 10 എല്‍.ഇ.ഡി. സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കും.

കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ അഥിതികളുടെ എണ്ണവും വെട്ടിച്ചുരുക്കി. പരേഡില്‍ പങ്കെടുക്കാന്‍ 24,000 മപര്‍ക്കാണ് അനുമതി. 19,000 പേര്‍ക്ക് പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു.

ശേഷിക്കുന്ന 5,000 ആളുകള്‍ക്ക് ടിക്കറ്റ് വാങ്ങി പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷത്തെ പരേഡില്‍ 25,000 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. കോവിഡ് കാലത്തിന് മുമ്പ് 1.25 ലക്ഷം ആളുകള്‍ പരേഡില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വര്‍ഷം പ്രമാണിച്ച് 75 യുദ്ധ വിമാനങ്ങള്‍ ഫ്‌ളൈ പാസ്റ്റ് ചടങ്ങില്‍ പങ്കെടുക്കും. രാജ്പഥില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായും 300 സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.