ഇന്ന് കര്‍ക്കടകം ഒന്ന്.. രാമായണമാസാചരണത്തിന് തുടക്കം, പുണ്യം തേടി വിശ്വാസികൾ..

Share

ഇന്ന് കര്‍ക്കടകം ഒന്ന്. കേരളത്തില്‍ ഇന്ന് രാമായണമാസാചരണത്തിന്റെ തുടക്കം കൂടിയാണ്. ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും.

കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം.

മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന രാമായണമാസം മലയാള ഹൈന്ദവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് 400 വര്‍ഷത്തിലേറെയായി എന്നാണ് വിശ്വാസം. തുഞ്ചത്ത് രാമാനുജന് എഴുത്തച്ചന്‍ എഴുതിയ കിളിപ്പാട്ട് രാമായണമാണ് കേരളത്തില്‍ വായിക്കുന്നത്.

ഒരു മാസം കൊണ്ട്‌ വായിച്ചു തീര്‍ക്കേണ്ടത്‌ രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്‌. ഇന്ന് മുതല്‍ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചന്‍റെ കിളിയുടെ ചിറകടി ശബ്ദം ഉയരും. രാവിലെ കുളിച്ച്‌ ശുദ്ധമായി ദീപം തെളിയിച്ച്‌ രാമായണം തൊട്ട്‌ വന്ദിച്ച്‌ വായന തുടങ്ങുന്നു.

കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച്‌ തീര്‍ക്കണമെന്നാണ്‌ സങ്കല്‍പ്പം. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു.

ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.

കര്‍ക്കടക മാസത്തില്‍ ആരോഗ്യപരിപാലനത്തിനായി കര്‍ക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുര്‍വ്വേദ ചെടികള്‍ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു.

പല ആയുര്‍വ്വേദകേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ പ്രത്യേക സുഖചികല്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.മാത്രമല്ല, കളരി ചികിത്സ, മർമ്മചികിത്സ എന്നിവക്കെല്ലാം പ്രാധാന്യമുള്ള കാലമാണ്.

ഏറെ പഴക്കം വന്ന രോഗങ്ങൾ കൂടി ഈ കാലത്തു ചികിൽസിച്ചാൽ വേഗം ഭേദമാകുന്നതാണ്. എല്ലാ പച്ചക്കറികൾക്കും ഫലവർഗങ്ങൾക്കും, കിഴങ്ങുകൾക്കും ഒക്കെ ഈ കാലത്ത്‌ ഗുണം കൂടുതലാണ്.

മരിച്ചു പോയ പൂർവികരെ നാം പിതൃക്കൾ എന്നാണ് പറയുന്നത്. ചന്ദ്രമണ്ഡലം ആത്മാക്കളുടെ സ്ഥലം എന്നാണ് വിശ്വസിക്കുന്നത്. ചന്ദ്രന്റെ മാസമായ കർക്കിടകത്തിലെ കറുത്ത വാവിന് അതിനാൽ തന്നെ പ്രാധാന്യം ഏറുന്നു. ബലി തർപ്പണം ചെയ്താൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.