പുരോഗമന ചിന്തയുള്ള തലമുറയെ വാർത്തെടുക്കണം: മന്ത്രി കെ രാജൻ

Share

തൃശൂർ: ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വെക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്രബോധവും മനുഷ്യബോധവും ഉൾക്കൊള്ളുന്നവരായി വിദ്യാർത്ഥികൾ ഉയരണമെന്നും സമൂഹത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുകയാണ്. അവിടെ അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കും ലഹരിക്കും ഇടം നൽകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചരിത്രത്തിലേക്ക് പുതു തലമുറ തിരിഞ്ഞുനോക്കണമെന്നും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കിയ നാടാണ് കേരളമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.