സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മുന്നേറ്റം: വീണ ജോർജ്

Share

കാസർഗോഡ്: സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തലശേരി മലബാർ കാൻസർ സെന്ററിൽ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു.

തിരുവനന്തപുരം ആർസിസിയിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയാണ് ഈ രണ്ട് കാൻസർ സെന്ററുകളിലും ഇവ യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ പോർട്ടൽ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളിൽ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതിൽ 2.60 ലക്ഷം ആളുകളെയാണ് ഈ പോർട്ടൽ വഴി കാൻസർ ക്ലിനിക്കൽ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിൽ വരുന്ന കാൻസർ ചികിത്സയാണ് എംസിസിയിൽ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടാനിടയുള്ള ഈ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും കാഴ്ച്ചയും ജീവനും നിലനിർത്താൻ കഴിയും.