ഒമിക്രോണ്‍- അതീവ ജാഗ്രത വേണം; പ്രതിരോധ കുത്തിവെയ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഐ.എം.എ. | OMICRON WARNING | IMA

Share

ദക്ഷിണാഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ചൈന, ബ്രസീല്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെതിരെ കര്‍ശന ജാഗ്രതപാലിക്കണമെന്ന് ഐ.എം.എ. നിര്‍ദ്ദേശിക്കുന്നു. നമ്മുടെ രാജ്യത്തും ഈ രോഗബാധ ഏത് സമയത്തും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ അതിനെതിരെയുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കര്‍ശനമാക്കേണ്ടിയിരിക്കുന്നു.

അതിതീവ്ര വ്യാപനശേഷിയുള്ളതിനാല്‍ കൂടുതല്‍ രോഗികളെ ഒരേ സമയം ചികിത്സിക്കാന്‍ ഉതകുന്ന തരത്തില്‍ ആരോഗ്യ സംവിധാനം വീണ്ടും പുനഃക്രമീകരിക്കണം. രോഗനിര്‍ണ്ണയത്തിന് ആവശ്യമായ ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കുന്നതോടൊപ്പം ഒമിക്രോണ്‍ സാന്നിദ്ധ്യ നിര്‍ണ്ണയത്തിനായി ജനിതക ശ്രേണീകരണത്തിനും (ജീനോമിക് സീക്വന്‍സിംഗ്) എസ് ജീന്‍ പ്രാതിനിധ്യം കണ്ടുപിടി ക്കുന്നതിനും ആവശ്യമായ നൂതനപരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കുകയും വേണം.

വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവരില്‍ രോഗതീവ്രത കുറഞ്ഞു കാണുന്നതിനാല്‍ നമ്മുടെ നാട്ടില്‍ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്ത എല്ലാ ആളുകള്‍ക്കും നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി യിരിക്കുന്നു.

അണുരോഗ തീവ്രത കൂടാന്‍ സാധ്യതയുള്ള 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കണം.

രോഗബാധ കണ്ടെത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധനയും ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കണം. രോഗവ്യാപനത്തെ കുറിച്ചും രോഗതീവ്രതയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതുവരെയെങ്കിലും ഈ രീതി തുടരേണ്ടതാണ്. ഒമിക്രോണ്‍ രോഗബാധ കണ്ടെത്താന്‍ സഹായിക്കുന്ന ജനിതകശ്രേണീകരണ പരിശോധന ഇവരില്‍ നിര്‍ബന്ധമാക്കണം.

പ്രാഥമിക രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളായി മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കൈ വൃത്തിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. കൂട്ടം കൂടലുകള്‍, അടഞ്ഞ ഹാളുകളിലെ ഒത്തുചേരലുകള്‍ എന്നിവ താല്‍ക്കാലികമായി നിരോധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published.